കോഴിക്കോട്: നിലവിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രം ഇസ്രഈൽ ആണെന്നും അവരെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
ഇസ്രഈലിനെ നല്ലനടപ്പ് പഠിപ്പിക്കുവാൻ ലോകരാജ്യങ്ങൾ മുന്നോട്ട് വരണമെന്നും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിൽ സാദിഖലി തങ്ങൾ പറഞ്ഞു.
‘ഈ കാലത്ത് ലോകത്തെ ഏറ്റവും വലിയ ഭീകരരാഷ്ട്രം ഇസ്രഈലാണ്. ആ ഇസ്രഈലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണ് എന്നതിൽ തർക്കമില്ല. അമേരിക്കയാണെങ്കിലും ബ്രിട്ടനാണെങ്കിലും മറ്റു വൻശക്തി രാജ്യങ്ങളാണെങ്കിലും ഭീകരതയെ കൂട്ടുപിടിക്കുന്നവരാണ്, അത് മനുഷ്യത്വത്തിനെതിരാണ്.
മനുഷ്യാവകാശങ്ങളെ കുറിച്ച് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കൻ രാജ്യങ്ങളുമൊക്കെ പലപ്പോഴും വാചാലരാകാറുണ്ട്. പക്ഷേ ഫലസ്തീൻ ജനതയ്ക്ക് ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെ കുറിച്ച് എന്താണ് ഇവർ മിണ്ടാത്തത് എന്നാണ് ഈ റാലി ചോദിക്കുന്നത്,’ സാദിഖലി തങ്ങൾ പറഞ്ഞു.
ശ്വസിക്കുന്ന മൃതദേഹങ്ങളാണ് തങ്ങൾ എന്ന് ലോകത്ത് ഫലസ്തീന് അല്ലാതെ മറ്റൊരു ജനതക്കും പറയേണ്ടി വന്നിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
‘1947 മുതൽ ഇസ്രഈൽ അധിനിവേശത്തെ ചെറുക്കുക എന്നത് മാത്രമാണ് ഫലസ്തീൻ ചെയ്യുന്നത്. ചെറുത്തുനിൽക്കുക എന്നതാണ് അവരുടെ ജീവവായു.
ശ്വസിക്കുന്ന മൃതദേഹങ്ങളാണ് തങ്ങൾ എന്ന് ലോകത്തെ മറ്റൊരു ജനതക്കും പറയേണ്ടി വന്നിട്ടില്ല.
രാഷ്ട്രീയമായിട്ടുള്ള ചർച്ചകളിലൂടെ തന്നെയാണ് ഫലസ്തീൻ പ്രശ്നം പരിഹരിക്കേണ്ടത്. ഇസ്രഈലി അധിനിവേശത്തെ ശക്തമായി എതിർത്ത രാജ്യം ഇന്ത്യ തന്നെയായിരുന്നു. 1947ൽ ഫലസ്തീൻ വിഭജനത്തിന്റെ തീരുമാനം അന്താരാഷ്ട്ര തലത്തിൽ അലയടിച്ചുകൊണ്ടിരുന്നപ്പോൾ ഇസ്രഈൽ രൂപീകരണത്തിലെ ഒളിയജണ്ട തിരിച്ചറിഞ്ഞ രാജ്യമായിരുന്നു മഹാത്മാഗാന്ധിയുടെ ഇന്ത്യ.
നമ്മുടെ രാഷ്ട്രപിതാവ് അധിനിവേശത്തിന്റെ മുഴുവൻ ബുദ്ധിമുട്ടുകളും അനുഭവിച്ചറിഞ്ഞ ആളായിരുന്നു. അതുകൊണ്ട് തന്നെ ഇസ്രഈലി അധിനിവേശത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടുള്ള വ്യക്തിത്വമാണ്. ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിങ് വരെയുള്ള പ്രധാനമന്ത്രിമാരും ഉയർത്തിപ്പിടിച്ച വസ്തുതയും നിലപാടും അതായിരുന്നു.
ഒരുവേള ഇന്ത്യ ഭരിച്ച വാജ്‌പേയ് പോലും ആ നിലപാടിൽ ഉറച്ചു നിന്നു. എന്നാൽ ആ നിലപാടിൽ വെള്ളം ചേർത്ത് ഇസ്രഈലിനെ വെള്ളപൂശാൻ ആണ് ഇപ്പോഴത്തെ ഭരണകൂടം തയ്യാറായിരിക്കുന്നത് എന്നത് പ്രതിഷേധാത്മകമാണ്.
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന സന്ദേശം ലോകത്തിന് സമർപ്പിച്ച നമ്മുടെ രാജ്യത്തിന് ഒരിക്കലും തന്നെ ഫലസ്തീനെ തള്ളിപ്പറയാൻ സാധിക്കുകയില്ല. ഫലസ്തീനിലെ ജനതയും ലോകത്ത് എവിടെയും ഉള്ള ജനതയെ പോലെ ജീവിക്കാനും ജീവിതത്തെ ആസ്വദിക്കാനും അവകാശമുള്ളവരാണ്,’ സാദിഖലി തങ്ങൾ പറഞ്ഞു.
Content Highlight: Sadikali Thangal says Israel is the terrorist country of this era