കല്‍പ്പറ്റ: ആര്‍.എസ്.എസ് വേദിയിലെത്തിയ മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എ കെ.എന്‍.എ. ഖാദറിന് പരോക്ഷ മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങള്‍. ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ ഉടന്‍ വിരുന്നിന് പോകേണ്ട ആവശ്യം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വയനാട്ടില്‍ വെച്ച് നടന്ന ജില്ലാ സംഗമത്തിലായിരുന്നു സാദിഖലി തങ്ങള്‍ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം കെ.എന്‍.എ. ഖാദര്‍ ആര്‍.എസ്.എസ് വേദിയലെത്തിയത് വന്‍വിവാദത്തിനായിരുന്നു വഴിവെച്ചിരുന്നത്. കേസരി മന്ദിരത്തില്‍ സ്നേഹബോധി സമ്മേളനത്തില്‍ ആര്‍.എസ്.എസ് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശി ജെ. നന്ദകുമാര്‍ പൊന്നാടയണിയിച്ചായിരുന്നു ഖാദറിനെ സ്വീകരിച്ചത്.
ഇക്കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ കൂടുതല്‍ മുറുമുറുപ്പുണ്ടായതോടെ കുഞ്ഞാലിക്കുട്ടി ഖാദറിനോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു സാദിഖലി തങ്ങളുടെ വിമര്‍ശനം.
‘പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ തീരുമാനങ്ങളുണ്ടാവുമല്ലോ, ആ തീരുമാനങ്ങളാണ് നമ്മള്‍ നടപ്പിലാക്കേണ്ടത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ പാര്‍ട്ടിയുടെ പേരില്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് പാര്‍ട്ടിയുടെ തീരുമാനമെന്ന് തെറ്റിദ്ധരിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കുന്നതാണ്. പാര്‍ട്ടി അത് മീറ്റിങ് കൂടി തീരുമാനിക്കും. അതാണ് പാര്‍ട്ടിയുടെ തീരുമാനം. അല്ലാതെ ചില വ്യാഖ്യാതാക്കളുടെ തീരുമാനം പാര്‍ട്ടി തീരുമാനമായി തെറ്റിദ്ധരിക്കരുത്.
പാര്‍ട്ടിക്കാരാകുമ്പോള്‍ ആരെങ്കിലും വിളിച്ചാന്‍ അപ്പോള്‍ തന്നെ പോകേണ്ടതില്ല. അതിന് സാമുദായികമായ പ്രത്യേകത നോക്കേണ്ടി വരും, രാജ്യസ്‌നേഹപരമായ പ്രത്യേകത നോക്കേണ്ടി വരും, സാമൂഹികമായ പ്രത്യേകത നോക്കേണ്ടി വരും, അല്ലാതെ ആരെങ്കിലും വിളിച്ചാല്‍ അപ്പോള്‍ തന്നെ വിരുന്നിന് പോകേണ്ട ആവശ്യം മുസ്‌ലിം ലീഗുകാരനില്ല,’ അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസ് വേദിയിലെത്തിയതില്‍ വിശദീകരണവുമായി കെ.എന്‍.എ. ഖാദര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എല്ലാം മതസ്ഥരും തമ്മില്‍ സ്നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും എല്ലാ മതങ്ങളെക്കുറിച്ചും നല്ലത് മാത്രം പറയുന്ന ഒരാളാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
മതസൗഹാര്‍ദ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ വിളിച്ചാല്‍ അവരെല്ലാം പരിപാടിയില്‍ പങ്കെടുക്കാറുണ്ടെന്നും അവരുടെ പരിപാടിയില്‍ വിളിച്ചാല്‍ ഞങ്ങളും പോവേണ്ടതല്ലെ എന്ന ശുദ്ധമനസ്സുകൊണ്ടാണ് വിളിച്ചപ്പോള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Sadik Ali Shihab Thangal indirectly Criticize KNA Khader