ന്യൂദൽഹി: മതന്യൂനപക്ഷങ്ങൾക്കെതിരായ വിവാദ പ്രസംഗങ്ങൾക്ക് പേരുകേട്ട തീവ്ര ഹിന്ദുത്വവാദി സാധ്വി ഋതംബരയ്ക്ക് സാമൂഹിക പ്രവർത്തന വിഭാഗത്തിൽ പത്മഭൂഷൺ. 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി സാധ്വിക്ക് അവാർഡ് നൽകി. ഈ വർഷം പത്മഭൂഷൺ ജേതാക്കളായ 19 പേരിൽ സാധ്വിയും ഉൾപ്പെടുന്നു.
വിശ്വഹിന്ദു പരിഷത്തിൻ്റെ വനിതാ വിഭാഗമായ ദുർഗ വാഹിനിയുടെ സ്ഥാപക അധ്യക്ഷയാണ് സാധ്വി ഋതംബര. 1992-ൽ ബാബറി മസ്ജിദ് തകർക്കാൻ വേണ്ടി വാദിച്ച ജൻ ജാഗരൺ അഭിയംഗനിലെ വിപുലമായ പ്രചാരണത്തിന് ശേഷമാണ് അവർ ശ്രദ്ധിക്കപ്പെട്ടത്.
ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് മസ്ജിദിൻ്റെ ടെറസിൽ നിന്ന് തീവ്ര ഹിന്ദുത്വ വാദികളെ പ്രചോദിപ്പിക്കാൻ സാധ്വിയും ഉണ്ടായിരുന്നു. ബാബറി മസ്ജിദ് തകർത്തതിന് ശേഷം രൂപീകരിച്ച ലിബർഹാൻ കമ്മീഷൻ, 1992 ഡിസംബർ ആറിന് മസ്ജിദ് തകർത്ത് രാജ്യത്തെ വർഗീയ കലാപത്തിൻ്റെ വക്കിലെത്തിച്ചതിന് ഋതംബരയെയും മറ്റ് 68 പേരെയും അറസ്റ്റ് ചെയ്തു.
എന്നിരുന്നാലും, 2020 സെപ്റ്റംബർ 30ന് ബാബറി മസ്ജിദ് തകർത്ത കേസിൽ സാധ്വി ഋതംബരയെയും മറ്റ് 32 പേരെയും സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി.
തൻ്റെ പ്രസംഗങ്ങളിൽ, സാധ്വി ഋതംബര മുസ്‌ലിങ്ങളെ പാലിലെ നാരങ്ങയോട് ഉപമിക്കുകയും അവരെ ഈച്ചകളോട് ഉപമിക്കുകയും ചെയ്തു. കൂടാതെ മുസ്‌ലിങ്ങൾ ഹിന്ദുക്കളെക്കാൾ വൻതോതിൽ പ്രജനനം നടത്തുന്നുവെന്നും ആരോപിച്ചിരുന്നു.
1995 ഏപ്രിലിൽ, മദർ തെരേസയെ മാന്ത്രിക എന്ന് പരാമർശിക്കുകയും ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ വിദ്വേഷം നിറഞ്ഞ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് വർഗീയ സംഘർഷം സൃഷ്ടിച്ചതിന് ഇൻഡോറിൽ വെച്ച് അവർ അറസ്റ്റിലായി. അവരുടെ പ്രസംഗം കലാപത്തിലേക്ക് നയിച്ചിരുന്നു.
Content Highlight: Sadhvi Rithambara known for hate speech receives Padma Bhushan