| Monday, 22nd July 2019, 3:02 pm

പ്രധാനമന്ത്രി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്താണോ അതിനെയാണ് പ്രജ്ഞ സിങ് വെല്ലുവിളിച്ചിരിക്കുന്നത്; വിമര്‍ശനവുമായി ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കക്കൂസുകള്‍ വൃത്തിയാക്കാനല്ല എന്നെ തെരഞ്ഞെടുത്തിരിക്കുന്നതെന്നു പറഞ്ഞ ബി.ജെ.പി എം.പി പ്രജ്ഞ സിങ് താക്കൂറിനെതിരെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിക്കുന്നതാണ് പ്രജ്ഞയുടെ പരാമര്‍ശമെന്നാണ് ഉവൈസി പറഞ്ഞത്.

മേല്‍ജാതിക്കാരിയായ പ്രജ്ഞ ടോയ്‌ലറ്റ് വൃത്തിയാക്കുന്നവരെ തനിക്കു തുല്യരായി കാണുന്നില്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

‘ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെയാണ് അവര്‍ വെല്ലുവിളിച്ചിരിക്കുന്നത്. മേല്‍ജാതിക്കാരിയായ അവര്‍, ടോയ്‌ലറ്റ് വൃത്തിയാക്കുന്നവരെ തനിക്കു തുല്യരായി കാണുന്നില്ല. ഇതുപോലുള്ള നിങ്ങള്‍ക്ക് എങ്ങനെയാണ് പുതു ഇന്ത്യ സൃഷ്ടിക്കാന്‍ സാധിക്കുക?’ ഉവൈസി പറഞ്ഞു.

‘എന്നെ തെരഞ്ഞെടുത്തത് അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല. എന്നെ ജനങ്ങള്‍ തെരഞ്ഞെടുത്തത് നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കാനല്ല. എന്നില്‍ ഏല്‍പ്പിക്കപ്പെട്ട ജോലി ഞാന്‍ സത്യസന്ധമായി ചെയ്യും.’ എന്നായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം. മധ്യപ്രദേശിലെ സെഹോറില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് പ്രജ്ഞ ഇക്കാര്യം പറഞ്ഞത്.

പ്രജ്ഞ ഇക്കാര്യം പറയുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് പുറത്തുവിട്ടത്. പ്രദേശത്തെ മുതിര്‍ന്ന നേതാക്കളെ സമീപമിരുത്തിയായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം.

മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ ഭോപ്പാല്‍ എം.പിയാണ്. നേരത്തേ ഒട്ടേറെ വിവാദ പരാമര്‍ശങ്ങളുടെയും പ്രവൃത്തികളുടെയും പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബി.ജെ.പി അവരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more