മൂന്ന് ദിവസത്തേക്ക് മൗന വ്രതം; തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത് വരെ പ്രജ്ഞ സിങ് ഠാക്കൂര്‍ മിണ്ടില്ല
D' Election 2019
മൂന്ന് ദിവസത്തേക്ക് മൗന വ്രതം; തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത് വരെ പ്രജ്ഞ സിങ് ഠാക്കൂര്‍ മിണ്ടില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2019, 4:38 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതു വരെ മൗന വ്രതം ആചരിക്കുമെന്ന് മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. ഗോഡ്സയെ പ്രകീര്‍ത്തിച്ചു കൊണ്ട് പ്രജ്ഞ നടത്തിയ പ്രസ്താവന ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയതിന് തൊട്ടു പിന്നാലെയാണ് പുതിയ തീരുമാനം. മൂന്ന് ദിവസത്തെ വ്രതമാണ് പ്രജ്ഞ ആചരിക്കുക.

ഗാന്ധി ഘാതകനെ രാജ്യസ്‌നേഹി എന്ന് വിശേഷിപ്പിച്ച പ്രജ്ഞയ്ക്ക്, കനത്ത സമ്മര്‍ദത്തെ തുടര്‍ന്ന് മാപ്പ് പറയേണ്ടി വന്നിരുന്നു. ട്വിറ്ററിലൂടെയാണ് പ്രജ്ഞ മൗന വ്രതമെടുക്കാനുള്ള തീരുമാനം അറിയിച്ചത്.

പ്രജ്ഞാ സിങിന്റെ പ്രസ്താവനയെ പ്രധാനമന്ത്രിയും തള്ളിക്കളഞ്ഞിരുന്നു. അവരെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് പ്രജ്ഞാ സിങ് ഠാക്കൂറിനോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നാണ് മോദി പറഞ്ഞത്.

പ്രജ്ഞാ സിങ് ഗോഡ്സയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ച് 24 മണിക്കൂറിനുശേഷമാണ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ പ്രജ്ഞയെ തള്ളി രംഗത്തെത്തിയിരുന്നു. ഈ വേളയിലെല്ലാം പ്രധാനമന്ത്രി മൗനം പാലിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞാ സിങിന്റെ പരാമര്‍ശം. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞാ സിംങ്.

ഗോദ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു പ്രജ്ഞയുടെ പ്രസ്താവന. അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേയായിരുന്നു കമല്‍ഹാസന്‍ ഹിന്ദു തീവ്രവാദത്തെക്കുറിച്ച് പറഞ്ഞത്.