ന്യൂദല്‍ഹി: നാഥുറാം ഗോഡ്സെയെ പ്രശംസിച്ചുകൊണ്ട് പ്രജ്ഞ സിംഗ് താക്കൂര്‍ നടത്തിയ പ്രസ്താവന വീണ്ടും ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ എം.പിമാര്‍ ഇന്ന് ലോക്സഭ ബഹിഷ്‌കരിച്ചു.
പ്രജ്ഞയുടെ പരാമര്‍ശത്തെക്കുറിച്ച് ചര്‍ച്ച അനുവദിക്കാന്‍ സ്പീക്കര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് എം.പിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസിനെ പ്രജ്ഞ തീവ്രവാദ പാര്‍ട്ടി എന്ന് വിളിച്ചിരുന്നെന്നും (ബി.ജെ.പി എംപി പ്രജ്ഞ താക്കൂര്‍), ആയിരക്കണക്കിന് നേതാക്കള്‍ രാഷ്ട്രസ്വാതന്ത്ര്യത്തിനായി ത്യാഗങ്ങള്‍ ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും പാര്‍ട്ടിയുടെ ലോക്‌സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സഭയില്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
”എന്താണ് സംഭവിക്കുന്നത്? സഭ ഇത് സംബന്ധിച്ച് മൗനം പാലിക്കുമോ? മഹാത്മാഗാന്ധിയുടെ കൊലയാളിയെ ‘ദേശഭക്തന്‍’ എന്നാണ് വിളിച്ചത്”- ബഹിഷ്‌ക്കരണത്തിന് മുമ്പ് ചൗധരി പറഞ്ഞു.
ഇതിനോട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മറുപടി ഇങ്ങനെയായിരുന്നു – ‘അവര്‍ പറഞ്ഞത് രേഖപ്പെടുത്തിയിട്ടില്ല. പിന്നെ എങ്ങനെ അതില്‍ ഒരു സംവാദമുണ്ടാകും?”.
പാര്‍ട്ടിയും സര്‍ക്കാരും ഇത്തരം പരാമര്‍ശങ്ങളോ വിശ്വാസ വ്യവസ്ഥയോ അംഗീകരിക്കുന്നില്ല എന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രതികരണം.
‘ആരെങ്കിലും നാഥുറാം ഗോഡ്‌സെയെ ദേശഭക്തനായി കരുതുന്നുവെങ്കില്‍ ഞങ്ങളുടെ പാര്‍ട്ടി അതിനെ അപലപിക്കുന്നു. മഹാത്മാഗാന്ധി ഞങ്ങള്‍ക്ക് ആരാധനാപാത്രമാണ്. അദ്ദേഹം ഞങ്ങളുടെ വഴികാട്ടിയായിരുന്നു, അത് അങ്ങനെ തന്നെ തുടരും.’- അദ്ദേഹം പറഞ്ഞു,
അവര്‍ ആദ്യമായിട്ടല്ല ഇതുപോലെ പറയുന്നതെന്നും അവര്‍ ഗാന്ധിയുടെ ശത്രുവാണെന്നും കൊലയാളികളെ അവര്‍ പിന്തുണയ്ക്കുന്നുവെന്നും എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു.
പാര്‍ലമെന്റില്‍ ഇന്നലെ പ്രജ്ഞ താക്കൂര്‍ നടത്തിയ പ്രസ്താവന അപലപനീയമാണെന്നും പ്രതിരോധ സമിതിയില്‍ നിന്ന് പ്രജ്ഞയെ നീക്കം ചെയ്യുമെന്നും ബി.ജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിനിടെ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളിലും പ്രജ്ഞയെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന അപലപനീയമാണെന്നും അത്തരം പ്രസ്താവനകളെയോ ആശയത്തെയോ ബി.ജെ.പി പിന്തുണയ്ക്കുന്നില്ലെന്നും നഡ്ഡ വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ വര്‍ഷം ആദ്യം നാഥുറാം ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിളിച്ചതിന് ശേഷം ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
”ഗാന്ധിജിയെയോ നാഥുറാം ഗോഡ്സെയേയോ കുറിച്ചുള്ള പരാമര്‍ശം വളരെ മോശമായിപ്പോയി സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. പ്രസ്താവനയില്‍ അവര്‍ ക്ഷമാപണം തേടിയിട്ടുണ്ട്, പക്ഷേ എനിക്ക് ഒരിക്കലും അവരോട് പൂര്‍ണ്ണമായി ക്ഷമിക്കാന്‍ കഴിയില്ല”- പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് പറഞ്ഞത് ഇങ്ങനൊയിയിരുന്നു.
എന്നിട്ടും ബുധനാഴ്ച പാര്‍ലമെന്റില്‍ പ്രജ്ഞ വീണ്ടും അഭിപ്രായം ആവര്‍ത്തിച്ചു.