| Sunday, 8th December 2019, 9:16 pm

'രാജ്യംകണ്ട ഏറ്റവും വലിയ റേപിസ്റ്റ് ആണ് നെഹ്‌റു'; രാഹുലിനെതിരെ സാധ്വി പ്രാചി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യം കണ്ട ഏറ്റവും വലിയ ‘റേപിസ്റ്റ്’ ആണെന്ന് വിശ്വ ഹിന്ദു പരിഷദ് നേതാവ് സാധ്വി പ്രാചി. രാഹുല്‍ ഗാന്ധിക്ക് മറുപടിയായാണ് സാധ്വി പ്രാചിയുടെ പ്രസ്താവന.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വയനാട്ടില്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യ ലൈംഗികാക്രമണത്തിന്റെ തലസ്ഥാനമായെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വി.എച്ച്.പി നേതാവിന്റെ പ്രസ്താവന.

‘നമ്മുടെ രാജ്യം രാമന്റെയും കൃഷ്ണന്റെയും രാജ്യമാണ്. എന്താണ് രാഹുല്‍ ഗാന്ധി പറഞ്ഞത്! നെഹ്‌റുവാണ് ഏറ്റവും വലിയ റേപിസ്റ്റ്. രാമന്റെയും കൃഷ്ണന്റെയും സംസ്‌കാരം തന്നെ നശിപ്പിച്ചയാളാണ് നെഹ്‌റു’- സാധ്വി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തീവ്രവാദവും നക്‌സലിസവും അഴിമതിയും നെഹ്‌റു കുടുംബത്തിന് വരദാനമായി കിട്ടിയതാണെന്നും സാധ്വി കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ ലോകത്തിലെ തന്നെ ലൈംഗികാതിക്രമങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ എന്തു കൊണ്ടാണ് ഇവിടുത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്തതെന്ന് അത്ഭുതപ്പെടുകയാണ് മറ്റു രാജ്യങ്ങള്‍’ എന്നാണ് രാഹുല്‍ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉന്നാവോ, ഹൈദരാബാദ് വിഷയങ്ങളെ മുന്‍നിര്‍ത്തി രാജ്യത്ത് വര്‍ധിച്ച് വരുന്ന ലൈംഗികാത്രിക്രങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന.

ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതില്‍ പ്രതിഷേധിച്ച് പ്രിയങ്കാഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവും രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more