| Thursday, 20th April 2017, 5:09 pm

പശു സംരക്ഷണത്തിന്റെ പേരില്‍ കൊല നടത്തിയവരെ ഭഗത്സിങ്ങിനോട് ഉപമിച്ച് മഹിളാ ഗോ രക്ഷാ ദള്‍ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആല്‍വാര്‍: രജസ്ഥാനില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ ക്ഷീരകര്‍ഷകനെ തല്ലിക്കൊന്നവരെ സ്വാതന്ത്ര സമര സേനാനി ഭഗത്‌സിങ്ങിനോട് ഉപമിച്ച് മഹിളാ ഗോ രക്ഷാ ദള്‍ നേതാവ് സാധ്വി കമാല്‍. ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ തല്ലിക്കൊന്ന കേസിലെ പ്രതിയായ 19കാരനെയാണ് സാധ്‌വി ഭഗത്സിങ്ങിനോട് ഉപമിച്ചത്.


Also read കാസര്‍ഗോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ജലീലിനെ ഓഫീസില്‍ കയറി വെട്ടിക്കൊന്നു. 


പെഹ്ലു ഖാനെ മര്‍ദ്ദിച്ച് കൊന്നവര്‍ ഭഗത് സിംഗിനും ചന്ദ്രശേഖര്‍ ആസാദിനും തുല്യമാണെന്നാണ് സാധ്വി പറഞ്ഞത്. കേസില്‍ അറസ്റ്റിലായ പ്രധാന കുറ്റാരോപിതനായ വിപിന്‍ യാദവ് എന്ന പത്തൊമ്പതുകാരനെ സന്ദര്‍ശിച്ച ശേഷമായിരുന്നു സാധ് വിയുടെ പ്രസ്താവന.

ബെഹ്റൂറിലെ കോളജില്‍ പരീക്ഷ എഴുതാനെത്തിയപ്പോഴാണ് സാധ്വി വിപിന്‍ യാദവുമായി കൂടിക്കാഴ്ച നടത്തിയത്. രാജ്യമൊന്നടങ്കം വിപിന്‍ യാദവിനൊപ്പമുണ്ട്. നമ്മള്‍ ഇത് ചെയ്തില്ലെങ്കില്‍ പിന്നെ ആര് ചെയ്യുമെന്നാണ് കൊലപാതകത്തെക്കുറിച്ച് സാധ്വി പറയുന്നത്.

നിങ്ങള്‍ ഒന്നു കൊണ്ടും പേടിക്കേണ്ടതില്ലെന്നും രാഷ്ട്രീയ മഹിളാ ഗോ രക്ഷക് ദളിന്റെ പ്രസിഡന്റായ സാധ്വി വിപിന്‍ യാദവിനോട് പറയുന്നുണ്ട്. വിപിനെ കണ്ടയുടന്‍ നിനക്ക് സുഖമല്ലേയെന്നും നന്നായി ഭക്ഷണം കഴിക്കുന്നില്ലേയെന്നുമാണ് സാധ്‌വി ചോദിക്കുന്നത്.

ഭഗത്‌സിങ്, സുഖ്‌ദേവ്, ആസാദ് എന്നിവരെ പോലെ ഇവരും യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും സാധ്‌വി പറയുന്നു. ജയിലിലുള്ള എല്ലാവരോടും “ജയ് ഗോ മാത” എന്നു പറയുവാന്‍ നിങ്ങള്‍ പഠിപ്പിക്കണമെന്നും ഇയാളോട് സാധ്‌വി പറയുന്നുണ്ട്. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് രാഷ്ട്രീയ മഹിളാ ഗോ രക്ഷക് ദള്‍.

We use cookies to give you the best possible experience. Learn more