| Sunday, 2nd September 2018, 4:59 pm

ഗംഗാനദിയില്‍ ആഡംബര ക്രൂയിസ് ഉദ്ഘാടനം ചെയ്ത് ആദിത്യനാഥ്; പുണ്യനദിയില്‍ മദ്യവും മാംസവും വിളമ്പാന്‍ അനുവദിക്കില്ലെന്ന് സന്യാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരണാസി: വാരണാസിയില്‍ ആഡംബര ക്രൂയിസ് ഉദ്ഘാടനം ചെയ്ത യോഗി ആദിത്യനാഥിന്റെ നടപടിയ്‌ക്കെതിരെ കാശിയിലെ സന്യാസികള്‍. നോര്‍ഡിക് ക്രൂയിസ് ലൈനിന്റെ ഉടമസ്ഥതയിലുള്ള രണ്ടുനില ഫൈവ് സ്റ്റാര്‍ ക്രൂയിസാണ് ആദിത്യനാഥ് ഇന്ന് ഉദ്ഘാടനം ചെയ്തത്.

125 ടൂറിസ്റ്റുകളെ ഉള്‍ക്കൊള്ളുന്ന ക്രൂയിസില്‍ ദശാശമേധ് ഘട്ടിലെ ഗംഗാ ആരതിയും അസ്സി ഘട്ടിലെ ശുഭാ ഇ ബനാറസും നദിയിലൂടെ സഞ്ചരിച്ച് വീക്ഷിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. എന്നാല്‍, ഗംഗാ നദിയിലൂടെ ആഡംബര നൗക ഒഴുക്കാന്‍ അനുവദിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു കൂട്ടം സന്യാസിമാര്‍ രംഗത്തെത്തിയിട്ടുണ്ട്.

ക്രൂയിസില്‍ മദ്യവും മാംസവും വിതരണം ചെയ്യുന്നതിനെതിരെ സന്യാസി സമൂഹം ശബ്ദമുയര്‍ത്തുമെന്ന് ഗംഗാ മഹാസഭ ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രനാഥ് സരസ്വതി പറയുന്നു. “ലോകത്തിലെ ഏറ്റവും പുരാതനമായ ഈ നഗരത്തില്‍ പാശ്ചാത്യ സംസ്‌കാരം വളരുന്നതിന് ഇതു കാരണമാകും. ഹിന്ദു മതവിശ്വാസികള്‍ മാതാവിനു സമാനമായി കാണുന്ന പുണ്യനദി ഗംഗയില്‍ മാംസവും മദ്യവും വിളമ്പാന്‍ എങ്ങിനെയാണ് സാധിക്കുക?”

Also Read: അച്ചടക്കം വേണം എന്നാവശ്യപ്പെട്ടാല്‍ ഏകാധിപതിയെന്ന് രാജ്യം മുദ്ര കുത്തുന്നു; നരേന്ദ്ര മോദി

മാംസഭക്ഷണങ്ങളുടെ അവശിഷ്ടങ്ങള്‍ ഗംഗയിലെറിയപ്പെടും, അങ്ങിനെ നദി അശുദ്ധമാകും. അത് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ക്കെതിരാണ്. എല്ലാ മത-തീര്‍ത്ഥാടന കേന്ദ്രങ്ങളിലും മദ്യവും മാംസവും നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടുമെന്നും സരസ്വതി പറയുന്നു.

ക്രൂയിസ് നദിയില്‍ നിന്നും പിന്‍വലിക്കാന്‍ വാരണാസി കമ്മീഷണര്‍ ദീപക് അഗര്‍വാളിനോട് സന്യാസിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം എത്രയും പെട്ടന്ന് അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധപരിപാടികളിലേക്ക് കടക്കുമെന്നും സരസ്വതി മുന്നറിയിപ്പു നല്‍കുന്നു.

We use cookies to give you the best possible experience. Learn more