| Monday, 9th March 2020, 1:30 pm

അത് വ്യാജമെന്ന് യൂണിസെഫ്, ക്ഷമ ചോദിച്ച് സാധിക;കോവിഡ് വൈറസിനെക്കുറിച്ച് തെറ്റായ വിവരം പങ്കുവെച്ച സംഭവത്തില്‍ വിശദീകരണവുമായി സാധിക വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനനതപുരം: കൊവിഡ് വൈറസിനെക്കുറിച്ച് വസ്തുത വിരുദ്ധമായ ഫേസ്ബുക്ക് പോസിറ്റിട്ട സംഭവത്തില്‍ വിശദീകരണവുമായി മലയാളം ടെലിവിഷന്‍ താരം സാധിക വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റ് സാധിക പിന്‍വലിക്കുകയും ചെയ്തു.

താന്‍ ഈ പോസ്റ്റിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പേജ് കൈകാര്യം ചെയ്തിരുന്നത് പ്രൊമോട്ടര്‍മാരാണെന്നും എങ്കിലും തന്റെ പേജിലൂടെ വ്യാജമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും അതില്‍ ക്ഷമചോദിക്കുന്നതായും സാധിക പറഞ്ഞു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കൊവിഡ് വൈറസ് സംബന്ധിച്ച് സാധിക വേണുഗോപാല്‍ മാര്‍ച്ച് നാലാം തീയതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

സാധിക പങ്കുവെച്ച പോസ്റ്റ് വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കി യൂണിസെഫ് മാര്‍ച്ച് അഞ്ചാം തിയതി തന്നെ രംഗത്തെത്തിയിരുന്നു.

” യൂണിസെഫിനെ ഉദ്ധരിച്ച് പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റ് വ്യാജമാണ് എന്നറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. യൂണിസെഫ് കംബോഡിയ അല്ല ഈ പോസ്റ്റിന്റെ ലേഖകന്‍. അറിയിപ്പുകള്‍ക്ക് യൂണിസെഫിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ മാത്രം പിന്തുടരുക”, സാധികയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് യൂണിസെഫ് ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് വലുപ്പത്തില്‍ 400-500 മൈക്രോ വ്യാസമുള്ളതിനാല്‍ ഏത് മാസ്‌കും അതിന്റെ പ്രവേശനത്തെ തടയുന്നു. അത് വായുവിലൂടെ പകരില്ല. പത്ത് മിനുറ്റ് മാത്രമെ കൊറോണ വൈറസിന് ആയുസുള്ളൂ തുടങ്ങിയ കാര്യങ്ങളാണ് സാധിക പോസ്റ്റില്‍ പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more