'ക്ഷമയുണ്ടെങ്കില്‍ മാത്രം സിനിമയിലേക്കിറങ്ങിയാല്‍ മതിയെന്ന് പറഞ്ഞു; ക്യാമറ പണ്ടേ ഇഷ്ടമായിരുന്നു'
Entertainment
'ക്ഷമയുണ്ടെങ്കില്‍ മാത്രം സിനിമയിലേക്കിറങ്ങിയാല്‍ മതിയെന്ന് പറഞ്ഞു; ക്യാമറ പണ്ടേ ഇഷ്ടമായിരുന്നു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th August 2023, 4:43 pm

തനിക്ക് പണ്ടേ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണെന്ന് പറയുകയാണ് നടി സാധിക വേണുഗോപാല്‍. ക്യാമറ കണ്ടാല്‍ ചിരിച്ച് കൊണ്ട് നില്‍ക്കുമെന്ന് നടി പറഞ്ഞു. എന്നാല്‍ തനിക്ക് തീരെ ക്ഷമയില്ലെന്നും അതുണ്ടെങ്കില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന് തന്റെ അമ്മ പറഞ്ഞിട്ടുണ്ടെന്നും സാധിക പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എനിക്ക് ക്യാമറയുടെ മുന്നില്‍ പോസ് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. ചെറുപ്പം തൊട്ടേ എനിക്ക് ഇഷ്ടമാണ്. അച്ഛന്റെ കയ്യില്‍ ക്യാമറയുണ്ടായിരുന്നു. അച്ഛന്റെ സിനിമയിലെ ക്യാമറാമാന്‍ റസാഖേട്ടനാണ് (റസാഖ് കോട്ടക്കല്‍). എന്റെ അടുത്ത് ഇപ്പോഴും റസാഖേട്ടനെടുത്ത ഒരുപാട് ഫോട്ടോയുണ്ട്. അത് കാണുമ്പോള്‍ തന്നെയറിയാം എന്റെ മുന്നില്‍ ക്യാമറ വെച്ച് കഴിഞ്ഞാല്‍ ചിരിച്ച് കൊണ്ട് അവിടെയും ഇവിടെയും നില്‍ക്കുമെന്ന്.

എന്നാല്‍ എന്തെങ്കിലും പരിപാടിയില്‍ പോയിക്കഴിഞ്ഞാല്‍ പരിപാടി കഴിഞ്ഞയുടനെ എനിക്ക് തിരിച്ച് വരണം. കുറെ നേരം എന്നെ ഒരുക്കി ഇരുത്തുന്ന പരിപാടി എനിക്ക് ഇഷ്ടമല്ലായിരുന്നു. സിനിമ എന്ന് വെച്ചാല്‍ ഇന്ന് ഡ്രെസ് ഇട്ട് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഇന്ന് നടന്നില്ലെന്ന് വരും. നാളെ പോകേണ്ടി വരും. നാളെയേ ചിലപ്പോള്‍ നടക്കുള്ളൂ. അതുകൊണ്ട് ക്ഷമയുണ്ടെങ്കില്‍ മാത്രം ഈ പണിക്കിറങ്ങിയാല്‍ മതിയെന്ന് അമ്മ ആദ്യമേ പറഞ്ഞിരുന്നു,’ സാധിക പറഞ്ഞു.

എം.എല്‍.എ. മണി എന്ന ചിത്രത്തില്‍ നായികയായതിനെ പറ്റിയും അവര്‍ സംസാരിച്ചു. മറ്റാരും മണിയുടെ ചിത്രത്തില്‍ നായികയാവാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് തനിക്ക് അവസരം ലഭിച്ചതെന്ന് സാധിക പറഞ്ഞു. മണിച്ചേട്ടനാണ് നായകന്‍, എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് വിളിച്ചപ്പോള്‍ ചോദിച്ചിരുന്നുവെന്നും തനിക്ക് സന്തോഷമേയുള്ളൂ എന്നാണ് പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘മണിച്ചേട്ടനൊപ്പം അഭിനയിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടായിരുന്നതുകൊണ്ടാണ് എം.എല്‍.എ. മണിയിലെ നായികാ കഥാപാത്രം എനിക്ക് കിട്ടിയത്. മണിച്ചേട്ടനാണ് നായകന്‍, എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് വിളിച്ചപ്പോള്‍ ചോദിച്ചിരുന്നു. എന്താ പ്രശ്നം എനിക്ക് സന്തോഷമേയുള്ളൂ എന്നാണ് പറഞ്ഞത്. എനിക്ക് ഒരു ചാന്‍സ് കിട്ടുകയല്ലേ.

പിന്നെ മണിച്ചേട്ടനെ പോലെ ഒരു ആക്ടറിന്റെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. കാരണം ഞാന്‍ സിനിമയിലേക്ക് അന്ന് അങ്ങനെ എത്തിയിട്ടുമില്ല.

ഞാന്‍ കണ്ട ബ്രില്യന്റായ ആക്ടറാണ് മണിച്ചേട്ടന്‍. ഡാന്‍സിന് ഡാന്‍സ്, പാട്ടിന് പാട്ട്, എന്തിനാണെങ്കിലും ഓള്‍ ഇന്‍ ഓളാണ്. പുള്ളീടെ ഒരുപാട് സിനിമകള്‍ കണ്ട വ്യക്തിയാണ് ഞാന്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നതില്‍ എനിക്ക് സന്തോഷമായിരുന്നു,’ സാധിക പറഞ്ഞു.

CONTENT HIGHLIGHTS: SADHIKA ABOUT HER MOTHERS REACTION IN FIRST MOVIE