| Monday, 17th September 2018, 5:17 pm

പത്മവിഭൂഷണ്‍ സദ്ഗുരുവിന്റെ ശാസ്ത്രത്തെ കുറിച്ചുള്ള മണ്ടത്തരങ്ങള്‍

ഡോ. ജിനേഷ് പി.എസ്

ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെ അക്കാദമിക് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പുറമെ അസ്ഥിരോഗ വിഭാഗത്തിന്റെ ദേശീയ വാര്‍ഷിക കോണ്‍ഫറന്‍സിലും സദ്ഗുരു എന്ന് വിളിക്കപ്പെടുന്ന സ്വാമി സംസാരിക്കുന്നു.

ഇദ്ദേഹത്തിന്റെ, ചന്ദ്രഗ്രഹണസമയത്ത് ഭക്ഷണം കഴിക്കുന്നതിന്റെ അപാകത വിവരിച്ചു കൊണ്ടുള്ള വിഡ്ഢിത്തങ്ങള്‍ നിറഞ്ഞ വീഡിയോ ഏവരും കണ്ടിട്ടുണ്ടായിരിക്കുമല്ലോ ! രുദ്രാക്ഷമാല ഉപയോഗിച്ച് സാമ്പാര്‍ പുളിച്ചത് കണ്ടുപിടിക്കുന്ന നൂതന സാങ്കേതികവിദ്യ അവതരിപ്പിക്കുന്നുണ്ട് അതില്‍.

പക്ഷേ വലിയ പുള്ളിയാണ്. ആത്മീയതക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പത്മവിഭൂഷന്‍ ലഭിച്ചിട്ടുള്ള ആളാണ്. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളും ആളുടെ പേരിലുണ്ട്.

സയന്‍സുമായി യാതൊരു ബന്ധവുമില്ലാത്ത, നിരവധി വിഡ്ഢിത്തരങ്ങള്‍ പറഞ്ഞിട്ടുള്ള ഒരാളെ ഒരു സയന്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിക്കുന്നത് എന്തിനാണ് എന്നുള്ളതാണ് ഒരു ചോദ്യം.

ബി.ജെ.പി സംസ്ഥാന മേധാവിയോട് പെട്രോള്‍ വിലവര്‍ധനവിനെക്കുറിച്ച് ചോദിച്ചതിന് ഓട്ടോ ഡ്രൈവറെ പൊതുമധ്യത്തില്‍ മര്‍ദ്ദിച്ചു

സന്യാസി എന്ന് പറഞ്ഞ് നടക്കുന്നയാളെ ഒരു സെക്കുലര്‍ സ്റ്റേജില്‍ ഇരുത്തിയിരിക്കുന്നു എന്നുള്ളതാണ് രണ്ടാമത്തെ വിഷയം.

പൗരാണികതയില്‍ ഊന്നിയ രാഷ്ട്രീയവും ഹിന്ദു രാഷ്ട്രീയവുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സയന്‍സ് കോണ്‍ഫറന്‍സ് അതിനുള്ള വേദിയല്ല. അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും ആണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുഖ്യശത്രുക്കള്‍. ഇവ മൂന്നും കാരണം രക്ഷിക്കപ്പെടാമായിരുന്ന നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ.

നിരവധി മണ്ടത്തരങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ ജനങ്ങളെ ചൂഷണം ചെയ്ത് വിവിധ മതവിഭാഗങ്ങളിലെ പ്രഭാഷകര്‍ പണം സമ്പാദിക്കുന്ന രാജ്യമാണ് ഇന്ത്യ. മരിച്ചുപോയ ആള്‍ക്ക് ജീവന്‍ തിരിച്ച് കിട്ടുമെന്ന് വിശ്വസിപ്പിച്ച്, കുടുംബത്തെ മൃതദേഹത്തിന് ചുറ്റും മൂന്നുമാസം കാത്തു നിര്‍ത്തി, അനാചാര പ്രക്രിയകള്‍ നടത്തി, തട്ടിപ്പു നടത്തിയത് ഈ കേരളത്തിലെ മലപ്പുറത്താണ്. ഹോമം നടത്തി ഹൈസ്‌കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവന്‍ ഹോമിച്ചത് പത്തനംതിട്ട ജില്ലയിലാണ്. വിഷ്വല്‍ ഹിസ്റ്റീരിയയിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന പാസ്റ്റര്‍മാരും ഈ സാക്ഷര കേരളത്തില്‍ ധാരാളം. ഇന്ത്യയിലെ പൊതുവായ അവസ്ഥ ഇതിലും എത്രയോ മോശം.

ഇവിടെയാണ് സയന്‍സിന്റെ വേദിയില്‍ അശാസ്ത്രീയ പ്രവാചകര്‍ കയറിയിരിക്കുന്നത്.

എന്താണോ സയന്‍സ്, അതിനു നേര്‍വിപരീതമാണ് ഇത്തരക്കാര്‍ പറയുന്നത്.

തെളിയിക്കപ്പെട്ടത് മാത്രം സയന്‍സ് സ്വീകരിക്കുമ്പോള്‍, ഒരിക്കലും തെളിയിക്കപ്പെടില്ല എന്നുറപ്പുള്ള, മണ്ടത്തരങ്ങള്‍ മാത്രം പറയുന്ന ഇവരെ എന്തിന് ഇത്തരം വേദികളില്‍ ആനയിക്കുന്നു എന്നുള്ളത് ഒരു ചോദ്യമാണ്.

മണിപ്പൂരില്‍ വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നത് പൊലീസ് സാന്നിധ്യത്തില്‍; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഹോമം നടത്തിയ ഐഎംഎ അധ്യക്ഷനെ നമുക്കിവിടെ ഓര്‍ക്കാം, ബഹിരാകാശത്തേക്ക് റോക്കറ്റ് അയയ്ക്കുമ്പോള്‍ തേങ്ങ ഉടയ്ക്കുന്നതും നമുക്കിവിടെ ഓര്‍ക്കാം, സയന്‍സ് പഠിപ്പിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ മോഹനനെ അതിഥിയായി വിളിച്ചതും നമുക്കിവിടെ ഓര്‍ക്കാം, സൈക്യാട്രിയുടെ അടിസ്ഥാനപ്രമാണങ്ങള്‍ മഹാഭാരതത്തില്‍ ഉണ്ട് എന്നു പറഞ്ഞ് ഐഎംഎ അധ്യക്ഷനെയും നമുക്കിവിടെ ഓര്‍ക്കാം, വര്‍ഗ്ഗീയതയുടെ അപ്പസ്‌തോലനായ- ഉത്തമ സന്താനങ്ങള്‍ ഉണ്ടാകാന്‍ അദ്ഭുത പൊടി പ്രോത്സാഹിപ്പിച്ച പ്രവീണ്‍ തൊഗാഡിയയെ ഐഎംഎ വേദികളില്‍ ക്ഷണിച്ച മെഡിക്കല്‍ നേതൃത്വത്തെയും നമുക്കിവിടെ ഓര്‍ക്കാം…

ഇതിന്റെയെല്ലാം അനുരണനമായാണ് ജനങ്ങള്‍ അശാസ്ത്രീയതയിലേക്കും അന്ധവിശ്വാസങ്ങളിലേക്കും നടന്നുകയറുന്നത് എന്നും നാം ഓര്‍ക്കേണ്ടതുണ്ട്. അവിടെയാണ് വാക്‌സിന്‍ വിരുദ്ധതയും വാക്‌സിന്‍ വിരുദ്ധരും ക്യാന്‍സറിനെയും സോറിയാസിസിനെയും ചൂഷണം ചെയ്യുന്ന ശാസ്ത്ര വിരുദ്ധരും ഉദയം ചെയ്യുന്നത്.

സയന്‍സ് പഠിച്ചവര്‍ക്ക് ഇല്ലാത്ത സയന്‍സ് അവബോധം ജനങ്ങള്‍ക്ക് ഉണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്.

സയന്‍സ് പഠിച്ച ഡോക്ടര്‍മാര്‍ സ്വയം ചോദിക്കേണ്ട ചോദ്യം.

“നീ എന്തിനാ പഠിച്ചത്” ഗോഡ് ഫാദറില്‍ ഇന്നസെന്റ് ചോദിക്കുന്ന ചോദ്യം ഓര്‍ക്കണം.

ഡോ. ജിനേഷ് പി.എസ്

We use cookies to give you the best possible experience. Learn more