സദാനന്ദഗൗഡ രാജിക്കത്ത് നല്‍കി: ജഗദീഷ് ഷെട്ടര്‍ മുഖ്യമന്ത്രിയാകും
India
സദാനന്ദഗൗഡ രാജിക്കത്ത് നല്‍കി: ജഗദീഷ് ഷെട്ടര്‍ മുഖ്യമന്ത്രിയാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th July 2012, 11:30 am

ന്യൂദല്‍ഹി:  കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരിക്ക് കൈമാറി. അരുണ്‍ ജെയ്റ്റ്‌ലിയാണ് ഗൗഡയുടെ രാജി സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്. ദല്‍ഹിയില്‍ നിന്നും കര്‍ണ്ണാടകയില്‍ തിരിച്ചെത്തിയ ശേഷം രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് അറിയുന്നത്.

സദാനന്ദഗൗഡ രാജിനല്‍കിയതിനെ തുടര്‍ന്ന് ജഗദീഷ് ഷെട്ടര്‍ മുഖ്യമന്ത്രിയാകുമെന്ന് നിതിന്‍ ഗഡ്ഗരി അറിയിച്ചു. സദാനന്ദഗൗഡയുടെ രാജി പാര്‍ട്ടി അംഗീകരിച്ചെന്നും ഗഡ്ഗരി പറഞ്ഞു. നിലവില്‍ ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രിയാണ് ജഗദീഷ് ഷെട്ടര്‍.

ഷെട്ടറിനെ മുഖ്യമന്ത്രിയാക്കണമെന്ന മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഇന്നലെ നടന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് ധാരണയായത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് ദല്‍ഹിയിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരിയെയും മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയെയും കണ്ട് തീരുമാനം അംഗീകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാക്കളായ സുഷമാസ്വരാജും അരുണ്‍ജെയ്റ്റ്‌ലിയും അദ്വാനിയുടെ വസതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ജഗദീഷ് ഷെട്ടറെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തോട് എല്‍.കെ അദ്വാനിക്ക് യോജിപ്പുണ്ടായിരുന്നില്ല. ഷെട്ടറിനെതിരെയും അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് അദ്വാനി ഷെട്ടറിന്റെ മുഖ്യമന്ത്രി സ്ഥാനം എതിര്‍ത്തതെന്നാണ് അറിയുന്നത്.

നാലുവര്‍ഷത്തിനിടയിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ജഗദീഷ് ഷെട്ടര്‍. സ്ഥാനമൊഴിഞ്ഞ സദാനന്ദഗൗഡയ്ക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനമോ രാജ്യസഭാ സീറ്റോ നല്‍കുമെന്നാണ് അറിയുന്നത്.

അനധികൃത ഭൂമി ഇടപാടുകളില്‍ കുറ്റക്കാരനെന്ന് സംസ്ഥാന ലോകായുക്ത കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദ്യൂരപ്പ ഒഴിഞ്ഞത്. യെദ്യൂരപ്പ തന്നെയാണ് ഗൗഡയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ആ സമയത്തും ഷെട്ടറിന്റെ പേര് ഉയര്‍ന്നെങ്കിലും തന്റെ ഉറച്ച അനുയായിയായ ഗൗഡയെ മുഖ്യമന്ത്രിയാക്കാനായിരുന്നു യെദ്യൂരപ്പയ്ക്ക് താത്പര്യം.

എന്നാല്‍, വൊക്കലിഗ സമുദായാംഗമായ ഗൗഡ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ പല നിലപാടുകളും അംഗീകരിക്കില്ലെന്ന് കണ്ടപ്പോള്‍ പുതിയ മുഖ്യമന്ത്രിയ്ക്കായി യെദ്യൂരപ്പ കേന്ദ്രത്തെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഗഡ്കരിയും യെദ്യൂരപ്പയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് ഷെട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.