| Thursday, 6th June 2019, 9:41 pm

ശശികുമാറിനെ വിഡ്ഢി ചോദ്യം ഉന്നയിക്കുന്ന അഹങ്കാരിയായ മാധ്യമപ്രവര്‍ത്തകന്‍ എന്ന് വിശേഷിപ്പിച്ച് സദ്ഗുരു ടിവി; ഒരാള്‍ക്കും സദ്ഗുരുവിനെ തോല്‍പ്പിക്കാനാവില്ലെന്നും വിശേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനെ വിഡ്ഢി ചോദ്യം ഉന്നയിക്കുന്ന അഹങ്കാരിയായ മാധ്യമപ്രവര്‍ത്തകന്‍ എന്ന് വിശേഷിപ്പിച്ച് സദ്ഗുരു ടിവി. സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവിന്റെ സോഷ്യല്‍ മീഡിയ പേജായ സദ്ഗുരു ടിവിയിലാണ് ശശികുമാറിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

കോഴിക്കോട് നടന്ന കേരള ലിറ്ററേച്വര്‍ ഫെസ്റ്റിവലില്‍ ജഗ്ഗി വാസുദേവും ശശികുമാറും നടന്ന മുഖാമുഖത്തിന്റെ വീഡിയോയില്‍ ആണ് ശശികുമാറിനെ അഹങ്കാരിയായ മാധ്യമപ്രവര്‍ത്തകന്‍ എന്ന് വിശേഷിപ്പിക്കുന്നത്. മുഖാമുഖത്തിന്റെ മോഡറേറ്ററായി നടി മഞ്ജു വാര്യരും വേദിയില്‍ ഉണ്ടായിരുന്നു.

ഒരാള്‍ക്കും സദ്ഗുരുവിനെ തോല്‍പ്പിക്കാനാവില്ലെന്ന തലക്കെട്ടോടെയാണ് വീഡിയോ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ താഴെ കാണാം

മതാത്മകത രാജ്യത്തിന്റെ പൊതുമണ്ഡലത്തെയും ജനാധിപത്യ സമൂഹത്തേയും വിഴുങ്ങുകയാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. സ്വകാര്യ വിഷയമായ മതം രാഷ്ട്രീയ-സാമൂഹ്യ മണ്ഡലത്തില്‍ നടത്തുന്ന വര്‍ഗ്ഗീയ ഇടപെടലാണ് ഇന്നത്തെ പ്രധാന വെല്ലുവിളി എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ശശികുമാറിന്റെ വാദത്തെ സദ്ഗുരു അംഗീകരിച്ചില്ല. ഇതൊരു മാധ്യമ പ്രചരണമാണെന്നായിരുന്നു സദ്ഗുരുവിന്റെ വാദം. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഭരണത്തെ എതിര്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അത് ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കലായിരിക്കും. അമേരിക്കയിലെ ട്രംപിനെതിരാണെങ്കില്‍ പോലും അതങ്ങനെയാണ്. എന്നാല്‍ മതം എല്ലാവിധത്തിലും വിഭജനവും വംശീയതയും പരത്തുകയാണെന്ന് ശശികുമാര്‍ തിരിച്ചടിച്ചു.

തെരഞ്ഞെടുപ്പിലൂടെ അധികാരമേറിയാണ് ഹിറ്റ്‌ലര്‍ ജൂതരേയും മറ്റും കൊന്നൊടുക്കിയതും ഗ്യാസ് ചേമ്പറുകള്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആത്മീയ ഇന്ന് പഴയകാലത്തേക്കാള്‍ ബ്രാന്‍ഡ് ചെയ്യപ്പെടുകയല്ലേ? എന്ന ശശികുമാറിന്റെ ചോദ്യത്തിന് ആത്മീയ രംഗത്തും നല്ലവരും ചീത്തവരുമുണ്ടെന്നായിരുന്നു സദ്ഗുരുവിന്റെ മറുപടി.

മതമെന്നാല്‍ വ്യക്തി തന്നില്‍ നിന്നു കൂടുതല്‍ വളരാന്‍ ആഗ്രഹിക്കുന്നതാണ്. നാം വിശ്വാസികളോ അവിശ്വാസികളോ ആകാം പക്ഷെ നാമെല്ലാം അന്വേഷികളാണെന്ന് പറഞ്ഞ സദ്ഗുരു ഇന്ത്യ ഇന്നും മതനിരപേക്ഷമാണെന്നും അതുകൊണ്ടാണ് പല തരത്തിലുള്ള വിശ്വാസമുണ്ടായിട്ടും നാമിന്നും ഒരുമിച്ച് ഇരിക്കുന്നതെന്നും പറഞ്ഞു.
“ശിവനും പാര്‍വതിയും തമ്മിലുള്ള സംവാദങ്ങള്‍, അര്‍ജുനനും കൃഷ്ണനും തമ്മിലുള്ള സംവാദങ്ങള്‍. എല്ലായിടത്തും ചോദ്യങ്ങളാണ് നിറയെ. എവിടെയും കല്‍പ്പനകളില്ല. ചോദ്യം ചെയ്യപ്പെടാതെ അംഗീകരിക്കുക എന്നത് ഈ രാജ്യത്ത് പിന്നീട് അവതരിപ്പിക്കപ്പെട്ട കാര്യങ്ങളാണ്. ഇന്ത്യയില്‍ ദൈവങ്ങളായവര്‍ ഇവിടെ ജീവിച്ചിരുന്ന മനുഷ്യരാണ്. അവര്‍ എവിടെ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടവരല്ല. ഇന്ത്യ വ്യത്യസ്ത വിശ്വാസങ്ങള്‍ സഹിഷ്ണുതയോടെ മുന്നോട്ട് പോകുന്ന നാടാണ്. ഇന്ത്യയെ അസഹിഷ്ണുതയുടെ നാടായി ചിത്രീകരിക്കുന്നതിന് പിന്നില്‍ മാദ്ധ്യമങ്ങളുടെ ഉദ്ദേശം വ്യക്തമല്ല.” എന്നും സദ്ഗുരു പറഞ്ഞു.

താങ്കളുടെ വാദങ്ങള്‍ ഭാവനാത്മകമാണെന്ന് പറഞ്ഞുകൊണ്ടാണ് ശശികുമാര്‍ തിരിച്ചടിച്ചത്. ചരിത്രവും മിത്തുമെല്ലാം കൂട്ടിക്കുഴച്ച് ആശയക്കുഴപ്പങ്ങളുണ്ടാക്കാനാണ് താങ്കള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഇന്ത്യയിലായാലും ലോകത്ത് മറ്റേത് രാജ്യത്തായാലും മറ്റെന്തിനെക്കാളും കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദി മതമാണ്.” ശശികുമാര്‍ വ്യക്തമാക്കി.

മതം എല്ലാകാലത്തും ഭിന്നിപ്പും സത്യസന്ധതയില്ലായ്മയും ശക്തിപ്പെടുത്തിയ ഒന്നാണ്. നിരവധി ആള്‍ദൈവങ്ങള്‍ക്കും മാര്‍ക്കറ്റില്‍ സ്വയം വില്‍ക്കുന്ന പുതിയകാല ഗുരുക്കള്‍ക്കും ഇടയിലാണ് നമ്മളെന്നും അദ്ദേഹം പറഞ്ഞു.

ആള്‍ദൈവങ്ങള്‍ എന്നു വിളിക്കുന്നവരൊന്നും സ്വയം ആള്‍ദൈവമാണെന്ന് പറഞ്ഞിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരാണ് ഇത്തരം ലേബലുകള്‍ അടിച്ച് നല്‍കുന്നതെന്നും പറഞ്ഞ സദ്ഗുരു ആള്‍ദൈവമെന്ന് സ്വയം അവകാശപ്പെടുന്ന ഒരാളെക്കുറിച്ച് പറയാമോ എന്നു ചോദിച്ചു.

താങ്കള്‍ തന്നെയെന്നായിരുന്നു ശശികുമാറിന്റെ മറുപടി. അതിന് അദ്ദേഹം തെളിവായി ചൂണ്ടിക്കാട്ടിയത് സദ്ഗുരുവിന്റെ പുസ്തകത്തിലെ അവസാന പേജായിരുന്നു.

“താങ്കളുടെ പുസതകത്തിന്റ അവസാന പേജ് ഒന്ന് വായിക്കാമോ? താങ്കള്‍ ഉണ്ടാക്കിയ അത്ഭുതങ്ങളെക്കുറിച്ചും സൃഷ്ടിച്ച കാര്യങ്ങളെ കുറിച്ചുമുള്ള അവകാശവാദങ്ങളാണ് അതില്‍. താങ്കളുടെ പുസ്തകം അന്ധവിശ്വാസങ്ങള്‍ ചോദ്യം ചെയ്യാനും സംവദിക്കാനും പ്രേരിപ്പിച്ചാണ് തുടങ്ങുന്നത്. എന്നാല്‍ അവസാനിക്കുന്നത്, ഇത്തരത്തിലുള്ള എന്തെങ്കിലും വിശ്വാസത്തിന് കീഴ്പ്പെടേണ്ടത് അനിവാര്യമാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ്. ” ശശികുമാര്‍ വ്യക്തമാക്കി.

മതങ്ങള്‍ ജൈവബന്ധം പുലര്‍ത്തുന്ന ഇന്ത്യന്‍ ഗ്രാമങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെ ന്യൂ ഏജ് ഗുരുക്കളും ആള്‍ദൈവങ്ങളെ ഒരിക്കലും അഭിസംബോധന ചെയ്തിട്ടില്ലെന്ന് ശശികുമാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബുദ്ധിജീവികള്‍ പറയുന്നത് മാത്രമാണ് മതേതരത്വം എന്ന് പറയാനാവില്ലെന്നു പറഞ്ഞ സദ്ഗുരു തന്റെ 75 ശതമാനം എഴുത്തുകളും ഗ്രാമീണ ഇന്ത്യയുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെട്ടു.

താങ്കള്‍ ഇത്രയും പറഞ്ഞതില്‍ നിന്ന് തോന്നുന്നത് താങ്കളുടെ ലക്ഷ്യം കേന്ദ്രസര്‍ക്കാരാണെന്നാണെന്നു പറഞ്ഞ സദ്ഗുരു തനിക്ക് ഒരു ഗവണ്‍മെന്റുമായും പ്രശ്നമില്ലെന്ന് അവകാശപ്പെട്ടു.

ഇതെല്ലാം ജനവിധിയാണെന്നും ജനങ്ങള്‍ക്ക് ശരിയായ വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള വിവേകമില്ലെന്നും ചില ബുദ്ധിജീവികള്‍ക്ക് മാത്രമാണ് വിവരമുള്ളതെന്നും പലരും വിചാരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവരോട് ഇത്തരക്കാര്‍ക്ക് ബഹുമാനമില്ലെന്നും സദ്ഗുരു ആരോപിച്ചു. ട്രംപിനെതിരായി അമേരിക്കയില്‍ ഉയരുന്ന പ്രക്ഷോഭങ്ങളെ ഇതിന് ഉദാഹരണമായി അവതരിപ്പിക്കുകയും ചെയ്തു.

“ഇത് അര്‍ത്ഥമാക്കുന്നത് ഇത്തരം ആളുകള്‍ ന്യൂനപക്ഷമാണെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലാത്തവരാണെന്നും ആണ്. അവരുടെ ആ അവകാശം സംരക്ഷിക്കുന്ന വ്യവസ്ഥയെ ആണ് ജനാധിപത്യം എന്ന് വിളിക്കുന്നത്. ” എന്ന് ശശികുമാര്‍ മറുപടി നല്‍കി.

താങ്കള്‍ സംസാരിക്കുന്നത് ജനപ്രിയത നോക്കിയുള്ള പ്രവര്‍ത്തനങ്ങളെ അല്ലെങ്കില്‍ ജന പ്രീണനത്തെകുറിച്ചാണ്. ജനാധിപത്യവും ജനപ്രിയതയും രണ്ടും രണ്ടാണെന്നും ശശികുമാര്‍ തിരിച്ചടിച്ചു.

സദ്ഗുരുവും ശശികുമാറും തമ്മിലുള്ള സംവാദത്തിനുശേഷം മഞ്ജുവാര്യരും സദ്ഗുരുമായി സംവാദം നടന്നിരുന്നു

We use cookies to give you the best possible experience. Learn more