| Monday, 19th December 2022, 3:08 pm

അര്‍ജന്റീന ഏകപക്ഷീയമായി വിജയിച്ചിരുന്നെങ്കില്‍ വര്‍ണവെറിയന്‍മാര്‍ എംബാപ്പെയെ ആക്രമിക്കുമായിരുന്നു

സന്ദീപ് ദാസ്

ലോകകപ്പ് ഫൈനലില്‍ കിലിയന്‍ എംബാപ്പെ കാഴ്ച്ചവെച്ച പ്രകടനത്തിന്റെ മഹത്വം പൂര്‍ണമായും മനസിലാവണമെങ്കില്‍ അയാളുടെ ജീവിതകഥ കൂടി അറിയണം.
എംബാപ്പെ കാമറൂണ്‍കാരനാണ്. ജന്മനാടിനുവേണ്ടി ബൂട്ട് കെട്ടണം എന്ന മോഹം കുഞ്ഞുനാള്‍ മുതല്‍ എംബാപ്പെയുടെ മനസിലുണ്ടായിരുന്നു. പക്ഷേ കാമറൂണിലെ ഫുട്‌ബോള്‍ അധികൃതര്‍ ആ മഹാപ്രതിഭയെ അപമാനിച്ചു. എംബാപ്പെയ്ക്ക് കാമറൂണ്‍ ജേഴ്‌സി ലഭിക്കണമെങ്കില്‍ കോഴപ്പണം നല്‍കണം എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്! അങ്ങനെയാണ് എംബാപ്പെ ഫ്രാന്‍സിന്റെ നീലക്കുപ്പായം അണിയാന്‍ തീരുമാനിച്ചത്.

2018ലെ ലോകകപ്പിന്റെ കണ്ടെത്തലായിരുന്നു എംബാപ്പെ. ചീറ്റപ്പുലിയെപ്പോലെ കുതിച്ചുപായുന്ന പയ്യനെക്കണ്ട് ലോകം തരിച്ചുനിന്നു. ഫുട്‌ബോള്‍ രാജാവ് പെലെക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യത്തെ ടീനേജര്‍ എന്ന ബഹുമതി എംബാപ്പെ കരസ്ഥമാക്കി. ഫ്രാന്‍സ് ലോകചാമ്പ്യന്‍മാരുമായി.
എന്നാല്‍ 2020-ലെ യൂറോ കപ്പിലാണ് കഥ മാറിയത്. ആ ടൂര്‍ണമെന്റില്‍ ഫ്രാന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റ് പുറത്തായി. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫ്രാന്‍സ് അടിയറവ് പറഞ്ഞത്. ലോകകപ്പ് ഹീറോ ആയിരുന്ന എംബാപ്പെയുടെ കിക്ക് പിഴയ്ക്കുകയും ചെയ്തു.

അതോടെ ചില ഫ്രാന്‍സ് ആരാധകര്‍ എംബാപ്പെയെ അതിക്രൂരമായി അധിക്ഷേപിച്ചു. പല പരിഹാസങ്ങള്‍ക്കും വര്‍ണവെറിയുടെ ചുവയുണ്ടായിരുന്നു. എംബാപ്പെയുടെ ഇരുണ്ട നിറമാണ് ചിലരെ പ്രകോപിപ്പിച്ചത്! ഇക്കാര്യം ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചതുമാണ്.

എംബാപ്പെ തന്റെ വേദന ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചു. പക്ഷേ റേസിസം എന്നൊരു സംഗതിയേ ഇല്ല എന്ന മട്ടിലാണ് ഫെഡറേഷന്റെ മേധാവി പ്രതികരിച്ചത്! അടങ്ങാത്ത നീറ്റലോടെ എംബാപ്പെ പറഞ്ഞു-

‘ഞാന്‍ കളി മതിയാക്കുകയാണ്. എന്നെ കുരങ്ങന്‍ എന്ന് വിളിക്കുന്ന ആളുകള്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്നതില്‍ അര്‍ത്ഥമില്ല...!’

ആ തീരുമാനത്തില്‍നിന്ന് എംബാപ്പെ എങ്ങനെയോ പിന്തിരിഞ്ഞു. ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ അയാള്‍ കിടിലന്‍ പെര്‍ഫോമന്‍സ് പുറത്തെടുത്തു. അങ്ങനെ എംബാപ്പെ ഖത്തറിലെത്തി.

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് സമ്പൂര്‍ണ പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ അമ്പത് മിനിട്ടുകളില്‍ അര്‍ജന്റീനയുടെ പെനാല്‍ട്ടി ബോക്‌സില്‍ പ്രവേശിക്കാന്‍ പോലും അവര്‍ക്ക് സാധിച്ചിരുന്നില്ല. സ്വാഭാവികമായും എംബാപ്പെയാണ് ഏറ്റവും കൂടുതല്‍ പഴികേട്ടത്. കാരണം അയാള്‍ ഫ്രാന്‍സിന്റെ സേനാനായകനായിരുന്നു!

അര്‍ജന്റീന ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയിരുന്നുവെങ്കില്‍ വര്‍ണവെറിയന്‍മാര്‍ വീണ്ടും എംബാപ്പെയെ ആക്രമിക്കുമായിരുന്നു. അയാള്‍ കാമറൂണ്‍ ചാരനായി മുദ്രകുത്തപ്പെടുമായിരുന്നു. ചില മനുഷ്യരുടെ മനോഭാവം അങ്ങനെയാണ്. എത്ര ചികിത്സിച്ചാലും പൂര്‍ണമായി ഭേദമാവാത്ത രോഗം!

ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ നിരന്തരം ദേശസ്‌നേഹം തെളിയിക്കണമെന്ന് ചിലര്‍ ധാര്‍ഷ്ട്യത്തോടെ ആവശ്യപ്പെടാറുണ്ട്. എംബാപ്പെ ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു.

ആ സാഹചര്യത്തിലാണ് അയാളൊരു ഹാട്രിക് സൃഷ്ടിച്ചെടുക്കുന്നത്! ആ പയ്യന്റെ ബലിഷ്ഠമായ ശരീരത്തിനുള്ളില്‍ ഉരുക്ക് പോലുള്ള നട്ടെല്ല് കൂടിയുണ്ടെന്ന് ലോകത്തിന് ബോധ്യമായ നിമിഷങ്ങള്‍!

എംബാപ്പെയുടെ ഷോട്ടുകള്‍ക്ക് എന്തൊരു ശക്തിയായിരുന്നു! ഗോള്‍കീപ്പറുടെ കരസ്പര്‍ശത്തിനുപോലും ഗോളുകളെ തടയാനാവാത്ത അവസ്ഥ! അക്ഷരാര്‍ത്ഥത്തില്‍ ബുള്ളറ്റ് ഷോട്ടുകള്‍!

മെസി ലോകകപ്പ് ജയിക്കുക എന്നത് ചരിത്രത്തിന്റെ തീരുമാനമായിരുന്നു. അതുകൊണ്ട് മാത്രമാണ് എംബാപ്പെ തോറ്റുപോയത്. അല്ലെങ്കില്‍ അയാളെ പിടിച്ചുകെട്ടാന്‍ ആര്‍ക്കും സാധിക്കില്ലായിരുന്നു.

മുപ്പത് വെള്ളിക്കാശിനുവേണ്ടി എംബാപ്പെയെ ഒറ്റുകൊടുത്ത കാമറൂണിലെ ഫുട്‌ബോള്‍ മേലാളന്‍മാര്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടാവണം. ലോകത്തുള്ള സകല ധനവും വാരിക്കൂട്ടി തുലാഭാരം തൂക്കിയാലും അവര്‍ക്കിനി എംബാപ്പെയെ കിട്ടില്ല. ആ നഷ്ടം എത്ര വലുതാണ്!

എംബാപ്പെ ഇനിയും നമ്മളെ ആനന്ദിപ്പിക്കും. അയാള്‍ ഇനിയും ലോകകപ്പ് ജയിക്കും.
പക്ഷേ തോല്‍ക്കുമ്പോള്‍ എംബാപ്പെയെ കുരങ്ങനാക്കി മാറ്റുന്ന അശ്ശീലം ഇതോടെ അവസാനിക്കണം. അയാളെ കാമറൂണ്‍ ചാരന്‍ എന്ന് വിളിക്കാന്‍ ഇനിയാരും ധൈര്യപ്പെടരുത്. എംബാപ്പെ ഫ്രാന്‍സിന്റെ സ്വത്താണ്. ലോകത്തിന്റെ അഭിമാനമാണ്…!

Content Highlight: Sadeep das write up about kylian mbappé after world cup final

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more