|

'എന്റെ പേര് വെട്ടിയത് ഷാഫി പറമ്പിലിന്റെ ഗൂഢാലോചന; ബി.ജെ.പിക്കെതിരായ സമരം അവരെ ചൊടിപ്പിച്ചു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിനിടയില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പിലിനെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈന്‍.

ഷാഫി പറമ്പിലിന്റെ ഗൂഢാലോചനയുടെ ഭാഗമായി തന്നെ നോമിനേഷന്‍ തള്ളിയെന്ന് സദ്ദാം ഹുസൈന്‍ മീഡിയാ വണ്ണിനോട് പറഞ്ഞു. താന്‍ ബി.ജെ.പിക്കെതിരെ സമരം ചെയ്യുന്നത് ഷാഫി പറമ്പിലിന് വിയോജിപ്പുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഞാന്‍ പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റാണ്. വീണ്ടും പ്രസിഡന്റായിട്ടാണ് ഞാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്.

എന്റെ നോമിനേഷന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് റിജക്ട് ചെയ്തിരിക്കുകയാണ്. പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലിന്റെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് റിജക്ട് ചെയ്തത്. കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ നിരന്തരമായി സമരം നടത്തുകയാണ്.

പാലക്കാടിന്റെ ഐ ഗ്രൂപ്പില്‍ നിന്നാണ് കഴിഞ്ഞ വട്ടം തെരഞ്ഞെടുപ്പില്‍ നിന്ന് ജയിച്ചത്. ഈ വട്ടവും ഞങ്ങളെ സംബന്ധിച്ച് വളരെ സിസ്റ്റമാറ്റിക്കായി വോട്ടുകള്‍ ചേര്‍ത്തി സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയിപ്പോള്‍ എ ഗ്രൂപ്പിന് സീറ്റ് പിടിക്കാന്‍ വേണ്ടി നടത്തിയ അട്ടിമറിയാണിത്.

ഞാന്‍ പാലക്കാട് നഗരസഭയ്‌ക്കെതിരെ, ബി.ജെ.പിക്കെതിരെ സമരം നടത്തുന്നതിന് പുള്ളി ധാരാളം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അതാണ് പുള്ളിക്ക് എന്നോടുള്ള ദേഷ്യം.

അതിന് പ്രതികാരമായിട്ടാണ് പുള്ളി ഇത് ചെയ്തിരിക്കുന്നത്. പുള്ളിയുടെ ഓഫീസില്‍ നിന്നാണ് 1000 രൂപ അടച്ച് കൊണ്ട് എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്. എന്തായാലും ഇതില്‍ പരിഹാരം കണ്ടെത്തും. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ഷാഫി പറമ്പില്‍ പൊതുസമൂഹത്തിന് മുന്നില്‍ അത് തുറന്ന് പറയണം,’ അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ന് യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ് തള്ളിയാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടപടികളിലേക്ക് നീങ്ങുന്നത്.

CONTENT HIGHLIGHTS: SADDHAM HUSAIN AGAINST SHAFI PARAMBIL