ബെംഗളൂരു: ബി.ജെ.പി ഭരണകാലത്ത് നിയമിതരായ കര്‍ണാടക വഖഫ് ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നാല് പേരുടെ നാമനിര്‍ദേശം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍ ഉത്തരവിറക്കി. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മൗലാന എന്‍.കെ. മുഹമ്മദ് ഷാഫി സഅദിയടക്കം ബോര്‍ഡ് അംഗങ്ങളായ മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസര്‍ സെഹ്റ നസീം എന്നിവരുടെ നോമിനേഷനാണ് റദ്ദാക്കിയതെന്ന് കര്‍ണടാകയില്‍ നിന്നുള്ള പ്രാദേശിക മാധ്യമങ്ങളായ വാര്‍ത്താ ഭാരതിയും ദി ഹിന്ദുസ്ഥാന്‍ ഗസറ്റും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഷാഫി സഅദി കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇദ്ദേഹം ബി.ജെ.പി നോമിനിയാണെന്നുള്ള ആരോപണം ഉണ്ടായിരുന്നു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടിയതിന് പിന്നാലെ ഷാഫി സഅദി നടത്തിയ പ്രസ്താവനയും ഇതിനിടയില്‍ വലിയ വിവാദമായിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാറില്‍ മുസ്‌ലിങ്ങള്‍ക്ക് ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും നല്‍കണമെന്നാണ് ഷാഫി സഅദി പറഞ്ഞിരുന്നത്.
ന്യൂനപക്ഷങ്ങള്‍ അവകാശവാദവുമായി വരുന്നു എന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളും കേരളത്തില്‍ ജനം ടി.വിയടക്കമുള്ള മാധ്യമങ്ങളും ഈ പ്രസ്താവനയെ മുന്‍നിര്‍ത്തി വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചിരുന്നു.
2021 നവംബര്‍ 17നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശാഫി സഅദി വിജയിച്ചത്. വഖഫ് ബോര്‍ഡ് അംഗമായിരിക്കെയാണ് അദ്ദേഹം ചെയര്‍മാന്‍ പദവിയില്‍ എത്തിയത്
കാന്തപുരം എ.പി. അബൂബകര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന്റെ കര്‍ണാടകയിലെ സ്വാധീനമുള്ള നേതാവാണ് ഷാഫി സഅദി. കര്‍ണാടക മുസ്‌ലിം ജമാഅത് ജനറല്‍ സെക്രട്ടറി കൂടിയായ ശാഫി സഅദി 2010ലും 2016ലും കര്‍ണാടക എസ്.എസ്.എഫിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlight: Saddaramaiah government has canceled the nomination of Waqf Board President Shafi Saadi