|

സദ്ദാം ഹുസൈനും ഗദ്ദാഫിയും തെരഞ്ഞെടുപ്പില്‍ വിജയിച്ചവരാണ്; മോദിയെ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനും ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ അല്‍ ഗദ്ദാഫിയും വരെ തെരഞ്ഞെടുപ്പുകള്‍ വിജയിച്ചവരായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. ബ്രൗണ്‍ സര്‍വ്വകലാശാല പ്രൊഫസര്‍ അശുതോഷ് വര്‍ഷനെയുമായുള്ള അഭിമുഖത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം.

‘സദ്ദാം ഹുസൈനും ഗദ്ദാഫിയും തെരഞ്ഞെടുപ്പ് നടത്താറുണ്ടായിരുന്നു. അവര്‍ അതില്‍ വിജയിക്കുകയും ചെയ്തിരുന്നു. അവിടെ രേഖപ്പെടുത്തുന്ന വോട്ട് സംരക്ഷിക്കാന്‍ ആവശ്യമായ അടിസ്ഥാന ചട്ടകൂടുകളില്ലായിരുന്നു. ഒരു വോട്ടിംഗ് മെഷീനില്‍ ബട്ടണ്‍ അമര്‍ത്തുന്നതോടെ തീരുന്ന പ്രക്രിയയല്ല വോട്ടിംഗ്. രാജ്യം ശരിയായ ചട്ടകൂടിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ഉറപ്പുവരുത്തലാണ് ഓരോ തെരഞ്ഞെടുപ്പും’, രാഹുല്‍ പറഞ്ഞു.

അതേസമയം ബി.ജെ.പിയ്‌ക്കെതിരെയും രാഹുല്‍ രൂക്ഷ വിമര്‍ശമുന്നയിച്ചിരുന്നു. ബി.ജെ.പിയ്ക്കുള്ളില്‍ തുറന്ന ചര്‍ച്ചകള്‍ നടക്കാറില്ലെന്ന് ആ പാര്‍ട്ടിയിലെ തന്നെ ചില എം.പിമാര്‍ തന്നോട് പറഞ്ഞുവെന്നാണ് രാഹുല്‍ പറഞ്ഞത്.

തങ്ങള്‍ എന്ത് പറയണമെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കുന്നുവെന്നും എം.പിമാര്‍ പറഞ്ഞതായി രാഹുല്‍ പറഞ്ഞു. ബ്രൗണ്‍ സര്‍വ്വകലാശാല പ്രൊഫസര്‍ അശുതോഷ് വര്‍ഷനെയുമായുള്ള അഭിമുഖത്തിനിടെയാണ് രാഹുലിന്റെ വെളിപ്പെടുത്തല്‍. എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘പാര്‍ട്ടിയ്ക്കുള്ളില്‍ തുറന്ന ചര്‍ച്ചകള്‍ നടക്കാറില്ലെന്ന് ബി.ജെ.പിയിലെ ചില എം.പിമാര്‍ എന്നോട് പറഞ്ഞു.തങ്ങള്‍ എന്ത് പറയണമെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കുന്നു’,രാഹുല്‍ പറഞ്ഞു.

ബി.ജെ.പിയ്ക്കുള്ളില്‍ നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്ന് രാഹുല്‍ മുമ്പും പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യയെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കോണ്‍ഗ്രസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയുമായിരുന്നെന്നും ഇപ്പോള്‍ അദ്ദേഹം
ബി.ജെ.പിയിലെ ബാക്ക് സീറ്റിലാണെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.

അവസരങ്ങളുടെ കടലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരേയും കോണ്‍ഗ്രസില്‍ ചേരുന്നതില്‍ നിന്ന് തടയില്ലെന്നും എന്നാല്‍ പാര്‍ട്ടി വിട്ട് പോകുന്നവരെ നിര്‍ബന്ധിപ്പിച്ച് നിലനിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പ്രവര്‍ത്തകരുമായി ചേര്‍ന്ന് സംഘടനയെ ശക്തിപ്പെടുത്താനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസില്‍ സിന്ധ്യയ്ക്ക് ഉണ്ടായിരുന്നു. ഒരു ദിവസം നിങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം മറ്റൊരു വഴിയാണ് തെരഞ്ഞെടുത്തത്’, രാഹുല്‍ പറഞ്ഞു.

2020 മാര്‍ച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

22 എം.എല്‍.എമാരും സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Saddam Hussein, Gaddafi Used To Win Elections Too, Says Rahul Gandhi