ന്യൂദല്‍ഹി: റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി ബില്ലിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതിനു പകരം രാഹുല്‍ ഗാന്ധി ബില്ലില്‍ എന്തൊക്കെയാണുള്ളതെന്ന് പോയി പഠിക്കട്ടെ എന്നും സ്വന്തം പാര്‍ട്ടിയില്‍ തന്റെ സ്ഥാനമെന്തെന്ന് പോയി അന്വേഷിക്കട്ടെ എന്നും ഗൗഡ പറഞ്ഞു. ഞായറാഴ്ച്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി ബില്ലില്‍ കൊണ്ടുവരുന്ന ഭേദഗതികള്‍ ബില്ലിനെ ദുര്‍ബലമാക്കിയെന്നും അത് ഉപഭോക്താക്കള്‍ക്ക് അനുകൂലമാകുന്നതിന് പകരം റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് വേണ്ടിയുള്ളതാണെന്നുമാണ് രാഹുല്‍ഗാന്ധി ശനിയാഴ്ച്ച വിമര്‍ശിച്ചത്. റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടു വന്ന ബില്ലിനെ തകര്‍ക്കാനാണ് എന്‍.ഡി.എ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറയുകയുണ്ടായി.
ഉപഭോക്താക്കളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യമായിരുന്നു യു.പി.എയുടെ ബില്ലിനുണ്ടായിരുന്നത് എന്നാല്‍ ഈ സര്‍ക്കാര്‍ അതെല്ലാം ഭേദഗതികളിലൂടെ അട്ടിമറിച്ചു. രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനെതിേെരയാണ് സദാനന്ദ ഗൗഡ രംഗത്ത് വന്നത്.