| Thursday, 16th January 2020, 12:20 pm

''ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയിലെ ജൂതയെപ്പോലെയായിരുന്നു ഞാന്‍''; പൊലീസ് തടങ്കലിലെ അനുഭവങ്ങള്‍ ഭീതിതമെന്ന് ജാമ്യത്തിലറങ്ങിയ സദാഫ് ജാഫർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചപ്പോഴുള്ള അനുഭവങ്ങള്‍ ഭീതിതമായിരുന്നെന്ന് സാമൂഹിക പ്രവര്‍ത്തകയും കോണ്‍ഗ്രസ് നേതാവുമായ സദാഫ് ജാഫര്‍. ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയിലെ ജൂതരെപ്പോലെയാണ് തടവ് ദിനങ്ങള്‍ തനിക്ക് അനുഭവപ്പെട്ടതെന്നും 19 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ സദാഫ് ജാഫര്‍ ദി ഔട്ട്‌ലുക്കിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡിസംബര്‍ 19നാണ് പരിവര്‍ത്തന്‍ ചൗക്കില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിനിടയില്‍ പൊലീസ് സദാഫ് ജാഫറെ അറസ്റ്റു ചെയ്യുന്നത്. പ്രതിഷേധത്തിനു നേരെ മുഖംമൂടിയണിഞ്ഞ ചെറുപ്പക്കാര്‍ എത്തി കല്ലെറിയുകയായിരുന്നു. ഇത് കൃത്യമായി ആസൂത്രണത്തോടെ സമാധാനപരമായി നടക്കുന്ന പ്രതിഷേധത്തെ തകര്‍ക്കാന്‍ ചെയ്തതാണെന്നും സദാഫ് ജാഫര്‍ ആരോപിച്ചു.

പരിവര്‍ത്തന്‍ ചൗക്കില്‍ നിന്നും തന്നെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. രാത്രിയില്‍ പുരുഷ തടവുകാരുടെ സെല്ലില്‍ നിന്ന് നിലവിളികള്‍ കേള്‍ക്കുന്നത് പതിവായിരുന്നു. രാത്രി കാവല്‍ നില്‍ക്കുന്ന പൊലീസുകാര്‍ ഇടയ്ക്കിടെ സെല്ലിനു മുന്നില്‍ എത്തി പാകിസ്താനി എന്ന് ആക്രോശിച്ചിട്ടാണ് പോകുക. നിരന്തരം പൊലീസുകാര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഇന്ത്യയിലെ ചോറ് തിന്ന് പാകിസ്താനോട് കൂറു കാണിക്കുകയാണ് താനെന്ന് പറയുകയും ചെയ്‌തെന്ന് ദി ഔട്ട്‌ലുക്കിനോട് അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”പൊലീസ് സ്റ്റേഷനില്‍ വച്ച് ഒരു വനിതാ മാധ്യമ പ്രവര്‍ത്തക എന്റെ മുടിക്ക് പിടിച്ച് മുഖത്ത് അടിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഒരൊറ്റ പൊലീസുകാരെ പോലും അവിടെ യൂണിഫോമില്‍ കണ്ടിട്ടില്ല. കുടുംബക്കാര്‍ രക്ഷപ്പെടുത്താന്‍ വരുമെന്നായിരുന്നു കരുതിയത്. എട്ട് മണിയായിട്ടും ആരും സ്റ്റേഷനില്‍ എത്താത്തിനെ തുടര്‍ന്ന് വീട്ടില്‍ വിളിച്ചറിയിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ പ്രതികരിച്ചില്ല. ഇതിനിടയില്‍ ഇന്‍സ്‌പെക്ടര്‍ ജനറലാണെന്നു പറഞ്ഞ ഒരാള്‍ എന്റെ വയറ്റില്‍ ചവിട്ടുകയും തുടര്‍ന്ന്് എനിക്ക് രക്ത സ്രാവം ഉണ്ടാവുകയും ചെയ്തു. വൈദ്യസഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ മര്‍ദ്ദനത്തെ തുടര്‍ന്നുള്ള മുറിവുകള്‍ പരിശോധിച്ചില്ല. വസ്ത്രം മുഴുവന്‍ രക്തത്തിലായിട്ടും സാനിറ്ററി നാപ്കിന്‍ പോലും എനിക്ക് നിഷേധിക്കപ്പെട്ടു. പൊലീസുകാരോട് വെള്ളം ചോദിക്കാന്‍ പോലും പേടിയായിരുന്നു. അടുത്ത നിമിഷം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകുമെന്ന് ഭയന്നാണ് ഓരോ സെക്കന്റും തള്ളി നീക്കിയത്്”. അവര്‍ പറഞ്ഞു.

എന്റെ മുസ്‌ലിം സ്വത്വം തന്നെയാണ് പൊലീസുകാരെ അലട്ടിയത്. ജയിലില്‍ കഴിഞ്ഞ 19 ദിവസം എനിക്ക് ഇരുണ്ട ദിനങ്ങളായിരുന്നു. 11 ദിവസത്തിന് ശേഷമാണ് എന്റെ മകനെ പോലും കാണാനായത്. ഞാന്‍ ഒരു സാമൂഹിക പ്രവര്‍ത്തകയും കവയത്രിയുമാണ്. ഇതിനു മുന്‍പ് ഇത്തരം അനുഭവങ്ങള്‍ ഒരിക്കല്‍ പോലും നേരിടേണ്ടി വന്നിട്ടില്ല.

തടവറയിലെ ദിനങ്ങള്‍ ജനങ്ങള്‍ സംഘടിതമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ അണിനിരക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലേക്കാണ് എന്നെ എത്തിച്ചത്. ഇത് കൊണ്ട് തോറ്റോടാന്‍ ഞാന്‍ നില്‍ക്കില്ല. ഇനിയും തെരുവുകളിലെ പ്രക്ഷോഭത്തില്‍ അണിനിരക്കുമെന്നും അവര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more