ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് മാധ്യമ വിഭാഗം വക്താവും മുന്‍ അധ്യാപികയുമായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു മര്‍ദ്ദിച്ചതായി ആരോപണം. വ്യാഴാഴ്ച പരിവര്‍ത്തന്‍ ചൗക്കില്‍ വെച്ചു നടന്ന ഒരു റാലിയില്‍ പങ്കെടുക്കവെയാണ് സദഫ് ജാഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ സദഫ് ഫേസ്ബുക്ക് ലൈവിലായിരുന്നു. ഇതോടെയാണ് അവരുടെ അറസ്റ്റ് ഏറെ ചര്‍ച്ചയായത്. നിലവിലും പൊലീസ് കസ്റ്റഡിയിലുള്ള അവര്‍ക്കു ക്രൂരമായ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നതെന്നു ബന്ധുക്കള്‍ ആരോപിച്ചു.
പ്രതിഷേധത്തിനിടെ പൊലീസിനു നേര്‍ക്ക് ചിലര്‍ കല്ലെറിഞ്ഞതോടെയാണ് ലാത്തിച്ചാര്‍ജുണ്ടായതും സദഫിനെ അറസ്റ്റ് ചെയ്തതും. അക്രമമുണ്ടാകുമ്പോള്‍ അതു കണ്ടുകൊണ്ടു നില്ക്കുകയാണോ എന്നായിരുന്നു അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരോട് സദഫ് ചോദിച്ചത്.
‘എന്തുകൊണ്ടാണു നിങ്ങള്‍ അവരെ തടയാത്തത്? അക്രമമുണ്ടാകുമ്പോള്‍ നിങ്ങള്‍ അതു കണ്ടുകൊണ്ടു നില്‍ക്കുകയാണ്. ഹെല്‍മെറ്റിന്റെ ഉപയോഗം എന്താണ്? നിങ്ങളെന്താണ് ഒന്നും ചെയ്യാത്തത്?’, സദഫ് ചോദിക്കുന്നതായി വീഡിയോയില്‍ കാണാം.
കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്യാതെ തന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് സദഫ് ചോദിക്കുന്നതായി മറ്റൊരു വീഡിയോയില്‍ കാണുന്നുണ്ട്.
അറസ്റ്റ് ചെയ്ത ശേഷം സദഫിനെ എങ്ങോട്ടാണു കൊണ്ടുപോയതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ ലഖ്നൗ ജയിലിലേക്കാണ് അവരെ കൊണ്ടുപോയതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് സദഫിന്റെ ബന്ധു റംഷ ‘ദ ക്വിന്റി’നോടു പറഞ്ഞു.
സദഫിനെ ലാത്തി കൊണ്ട് കാലിലും കൈയിലും അടിച്ചെന്നും വയറ്റില്‍ തൊഴിച്ചെന്നും അവരുടെ സഹോദരി ഷബാന ആരോപിച്ചു. സദഫിന് ഇപ്പോള്‍ ആന്തരിക രക്തസ്രാവം ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഷബാന പറഞ്ഞു.
രണ്ടു ദിവസമായി സദഫിനെ കാണാനില്ലെന്നും പൊലീസുകാര്‍ ക്രൂരമായി അവരെ മര്‍ദ്ദിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഫേസ്ബുക്കില്‍ കുറിച്ചു.