| Tuesday, 14th July 2020, 4:12 pm

'എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകനാണ് ഈ ചുഴിയില്‍പ്പെട്ടത്'; സച്ചിന്‍ പൈലറ്റിന്റെ പിന്‍മാറ്റത്തില്‍ നടുക്കം രേഖപ്പെടുത്തി സല്‍മാന്‍ ഖുര്‍ഷിദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും പുറത്തുപോകാനുള്ള സച്ചിന്‍ പൈലറ്റിന്റെ തീരുമാനത്തില്‍ നടുക്കവും ആശങ്കയും രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദ്.

രാജസ്ഥാനില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ അതിയായ ദു:ഖമുണ്ടെന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന രാജേഷ് പൈലറ്റിന്റെ മകനാണ് ഈ ചുഴിയില്‍പ്പെട്ടിരിക്കുന്നത് എന്നതാണ് തന്നെ ഏറെ വിഷമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്മള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ വെച്ച് നോക്കുമ്പോള്‍ വ്യക്തിപരമായ ആഗ്രഹങ്ങളും പ്രതീക്ഷകളുമെല്ലാം എത്രയോ നിസ്സാരമാണെന്നും നമുക്ക് നമ്മുടെ കാഴ്ചപ്പാടുകളും ഊര്‍ജ്ജവും വീണ്ടെടുക്കാമെന്നുമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ് ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം സച്ചിന്‍ പൈലറ്റിന്റെയും സംഘത്തിന്റെയും പിന്മാറ്റം ബി.ജെ.പിയുടെ തിരക്കഥയാണെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവര്‍ത്തിച്ച് ആരോപിക്കുന്നത്.

‘ഇതിലൊന്നിലും സച്ചിന്‍ പൈലറ്റിന്റെ കൈയ്യില്ല. ഷോ നടത്തുന്നത് മുഴുവന്‍ ബി.ജെ.പിയാണ്. ബി.ജെ.പി ഒരു പ്ലാന്‍ തയ്യാറാക്കി അതിലേക്ക് എല്ലാം എത്തിക്കുകയായിരുന്നു. മധ്യപ്രദേശില്‍ പ്രവര്‍ത്തിച്ച അതേ ടീമാണ് ഇവിടെയും പരിപാടികള്‍ ആസൂത്രണം ചെയ്തത്’, എന്നായിരുന്നു ഗെലോട്ട് പറഞ്ഞത്.

പൈലറ്റിനൊപ്പം സര്‍ക്കാരില്‍ നിന്നും വിട്ടുനിന്ന മന്ത്രിമാരെയും ഗെലോട്ട് അയോഗ്യരാക്കിയിട്ടുണ്ട്. വിശ്വേന്ദ് സിങ്, രമേഷ് മീന എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം തെറിച്ചത്. പുതിയ മന്ത്രിമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കുമെന്നും ഗെലോട്ട് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more