ചണ്ഡീഗഢ്: ഹരിയാനയില്‍ എന്‍.ഡി.എ ഘടകക്ഷിയായ ശിരോമണി അകാലിദളിന്റെ ഏക എം.എല്‍.എ ബാല്‍ക്കൂര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് കക്ഷികള്‍ക്കിടയിലും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് എം.എല്‍.എയുടെ കൂടുമാറ്റം.
സഖ്യ കക്ഷി എം.എല്‍.എയെ അടര്‍ത്തിയെടുത്ത ബി.ജെ.പി, മുന്നണി മര്യാദ ലംഘിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ അകാലിദള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ശിരോമണി അകാലി ദള്‍ വക്താവ് ഡോ. ദല്‍ജീത് സിങ് ചീമ ട്വീറ്റ് ചെയ്തു.
2014ലെ തെരഞ്ഞെടുപ്പില്‍ അകാലിദള്‍ ടിക്കറ്റില്‍ കലന്‍വാലി മണ്ഡലത്തില്‍ നിന്ന് ജയിച്ചയാളാണ് ബാല്‍ക്കൂര്‍ സിങ്. 2014ല്‍ എന്‍.ഡി.എയ്ക്ക് പുറത്ത് നിന്ന് ഐ.എന്‍.എല്‍.ഡിയ്‌ക്കൊപ്പം നിന്നാണ് അകാലിദള്‍ മത്സരിച്ചിരുന്നത്. ഇത്തവണ കലന്‍വാലിയടക്കം 10 സീറ്റുകകളാണ് പാര്‍ട്ടി ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമായി മത്സരിക്കുന്നതിനായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബി.ജെ.പിയ്ക്ക് അകാലിദള്‍ നിരുപാധികം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാമെന്നത് ബി.ജെ.പി മുന്നോട്ടുവെച്ച ആശയമായിരുന്നുവെന്ന് അകാലിദള്‍ കോര്‍ കമ്മിറ്റി പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസം വാര്‍ത്താ സമ്മേളനം നടത്തി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തന്നെ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നതായും പ്രസ്താവനയില്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഹരിയാനയിലെ 10 സീറ്റുകളിലും വിജയിച്ച ബി.ജെ.പി ഇത്തവണ നിയമസഭാ തെരഞ്ഞടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സഖ്യ കക്ഷിയെ അവഗണിച്ചിരിക്കുന്നത്. 90 അംഗ നിയമസഭയില്‍ 2014ല്‍ 45 സീറ്റുകളാണ് ബി.ജെ.പിയ്ക്ക് ലഭിച്ചിരുന്നത്.