ന്യൂദല്‍ഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ എന്‍.ഡി.എ യോഗത്തില്‍ നിന്നും വിട്ടു നിന്ന് ശിരോമണി അകാലി ദള്‍. പഞ്ചാബിലെ ബി.ജെ.പിയുടെ മുഖ്യ സഖ്യകക്ഷിയാണ് അകാലി ദള്‍. തങ്ങളുടെ ആവശ്യങ്ങള്‍ ബി.ജെ.പി ഇനിയും പരിഗണിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്നും അകാലി ദള്‍ മുന്നറിയിപ്പു നല്‍കി.
ബി.ജെ.പി ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതായും, കര്‍ഷകരെ അവഗണിക്കുന്നതായും, തങ്ങളുടെ മതപരമായ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതായും മുതിര്‍ന്ന അകാലി ദള്‍ നേതാവും രാജ്യസഭാ എം.പിയുമായ നരേഷ് ഗുജ്രാള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
“ഗുരുദ്വാര പരിപാലനത്തിലും ഞങ്ങളുടെ മതപരമായ കാര്യത്തിലും തലയിടരുതെന്ന് പാര്‍ട്ടി ബി.ജെ.പിക്ക് നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ ആര്‍.എസ്.എസ് സിഖുകാരുടെ വിശ്വാസത്തെ വെച്ച് കളിക്കുകയാണ്. അത് ഞങ്ങള്‍ക്ക് അനുവദിക്കാന്‍ കഴിയില്ല”- ഗുജ്രാള്‍ പറഞ്ഞു.
Also Read പൗരത്വ ബില്‍ രാജ്യസഭയില്‍ പാസായാല്‍ പാര്‍ട്ടി വിടും; മുന്നറിയിപ്പുമായി ബി.ജെ.പി എം.എല്‍.എ
ബി.ജെ.പി ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ഞങ്ങള്‍ സഖ്യം അവസാനിപ്പിക്കും പഞ്ചാബിലെ മുഖ്യ പ്രതിപക്ഷമായ അകാലി ദളിന്റെ ഇനിയുള്ള നീക്കങ്ങളെക്കുറിച്ച് ഗുജ്രാള്‍ പറയുന്നു.
കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് നല്‍കണമെന്ന തങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാതിരുന്നതും അകാലി ദളിനെ ചൊടിപ്പിച്ചിട്ടുണ്ട്. “എന്‍.ഡി.എയുടെ അവസാന മീറ്റിങ്ങിലും ഞാനിത് അവതരിപ്പിച്ചു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. കര്‍ഷക സമൂഹത്തിന്റെ പാര്‍ട്ടിയാണ് ഞങ്ങളുടേത്. അവരുടെ കഷ്ടപ്പാട് ഞങ്ങള്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല”- ഗുജ്രാള്‍ പറഞ്ഞു
എന്നാല്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് അകാലി ദള്‍ എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് തങ്ങളെ അറിയിച്ചതായി പാര്‍ലമെന്ററി അഫയേസ് മിനിസ്റ്റര്‍ നേരന്ദ്ര സിങ്ങ് തോമര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.