| Tuesday, 23rd April 2019, 3:38 pm

പ്രജ്ഞാ സിങ്ങിന് മത്സരിക്കാം, എനിക്ക് വിലക്ക്: വിഷമമുണ്ട്: ഹര്‍ദിക് പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തനിക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ ദു:ഖമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍.

മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രജ്ഞ സിങ് ഠാക്കൂറിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുകയും തന്നെ വിലക്കുകയും ചെയ്ത നടപടിക്കെതിരെയായിരുന്നു ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്.

” ഞാന്‍ സന്തോഷവാനല്ല. പ്രജ്ഞ സിങ് ഠാക്കൂറിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി ലഭിക്കുകയും എനിക്ക് അത് ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഗുജറാത്തിലെ ജനങ്ങളെ ബി.ജെ.പി വിഡ്ഢികളാക്കുകയായിരുന്നു. 12 സീറ്റിലെങ്കിലും ഇത്തവണ ബി.ജെ.പി തോല്‍ക്കും.”- ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

2014 ല്‍ 26 സീറ്റുകളിലായിരുന്നു ബി.ജെ.പി ഇവിടെ വിജയിച്ചത്. ബി.ജെ.പി ഭരണത്തില്‍ ജനങ്ങള്‍ സന്തുഷ്ടരല്ല. ബി.ജെ.പിക്കാര്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണ്. യുവാക്കളും കര്‍ഷകരുമെല്ലാം ഒരുപോലെ അസന്തുഷ്ടരാണ്. ഗുജറാത്തിന്റെ ഭാവി മികച്ചതാവാനായി അവര്‍ നല്ല തീരുമാനം തന്നെ എടുക്കും. അക്കാര്യത്തില്‍ സംശയമില്ല.

കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ ജനങ്ങള്‍ക്ക് അറിയാം. മോദി തരംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെയൊരു തരംഗം ഇല്ലെന്നും വിഷയങ്ങള്‍ നോക്കി വോട്ട് ചെയ്യാനുള്ള സമയമാണ് ഇതെന്നുമായിരുന്നു ഹര്‍ദിക് പട്ടേലിന്റെ മറുപടി. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി വിലയിരുത്തി വോട്ട് രേഖപ്പെടുത്തണമെന്നാണ് ജനങ്ങളോട് പറയാനുള്ളത്.

രാഹുല്‍ ഗാന്ധിയെന്ന നേതാവിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അങ്ങേയറ്റം സത്യസന്ധനായ നേതാവാണ് രാഹുല്‍ ജി എന്നായിരുന്നു ഹര്‍ദികിന്റെ മറുപടി. എളിമയുള്ള ഒരിക്കലും കള്ളം പറയാത്ത നേതാവ്. ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരിക്കും രാഹുലെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more