ഖട്ടര്‍ ജി, ദയവുചെയ്ത് അവരെ കടത്തിവിടൂ, ഭരണഘടനാ ദിനത്തിലെ ഈ അടിച്ചമര്‍ത്തല്‍ എന്തൊരു വിരോധാഭാസമാണ്; ഹരിയാന സര്‍ക്കാരിനെതിരെ അമരീന്ദന്‍ സിങ്
India
ഖട്ടര്‍ ജി, ദയവുചെയ്ത് അവരെ കടത്തിവിടൂ, ഭരണഘടനാ ദിനത്തിലെ ഈ അടിച്ചമര്‍ത്തല്‍ എന്തൊരു വിരോധാഭാസമാണ്; ഹരിയാന സര്‍ക്കാരിനെതിരെ അമരീന്ദന്‍ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th November 2020, 2:23 pm

ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകരെ ഹരിയാനയില്‍ തടയുകയും അവരെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്ത ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

ഭരണഘടനാ ദിനമായ ഇന്ന് പ്രതിഷേധിച്ച കര്‍ഷകരെ തല്ലിച്ചതച്ച പൊലീസ് നടപടി വിരോധാഭാസമാണെന്നായിരുന്നു അമരീന്ദന്‍ സിങ് പറഞ്ഞത്.

ഭരണഘടന ദിനമായ ഇന്ന് സമാധാനപരമായി പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ ഭരണഘടനാപരമായ അവകാശം ഈ രീതിയില്‍ അടിച്ചമര്‍ത്തപ്പെടുന്നത് എത്ര ദു:ഖകരമാണ്. എന്തൊരു വിരോധാഭാസമാണ് ഇത്.

എം.എല്‍ ഖട്ടര്‍ ജി, ദയവുചെയ്ത് അവരെ കടന്നുപോകാന്‍ അനുവദിക്കൂ. അവരുടെ ശബ്ദത്തെ അടിച്ചമര്‍ത്താതിരിക്കൂ. സമാധാനപരമായി അവരെ ദല്‍ഹിയിലേക്ക് കടത്തിവിടൂ’ എന്നായിരുന്നു അമരീന്ദര്‍ സിങ് ട്വിറ്ററില്‍ എഴുതിയത്.

ക്രൂരമായ ബലപ്രയോഗത്തിലൂടെ അവരെ തടയുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ ഊട്ടുന്ന അവരുടെ കൈകള്‍ ചേര്‍ത്തുപിടിക്കണം. തള്ളിമാറ്റുകയല്ല വേണ്ടത്’ ബി.ജെ.പിയെ ടാഗ് ചെയ്തുകൊണ്ട് മറ്റൊരു ട്വീറ്റില്‍ അമരീന്ദര്‍ സിങ് എഴുതി.

കര്‍ഷകര്‍ക്കെതിരെ ഇത്തരം ഹീനമായ നീക്കങ്ങള്‍ നടത്തരുതെന്ന് ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് ബി.ജെ.പി നിര്‍ദേശം നല്‍കണമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ‘ദല്‍ഹി ചലോ’ മാര്‍ച്ച് ഹരിയാന അതിര്‍ത്തിയില്‍ വെച്ച് പൊലീസ് തടഞ്ഞിരുന്നു. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചായിരുന്നു ഹരിയാന പൊലീസ് കര്‍ഷകരെ നേരിട്ടത്.

സമാധാനപരമായി ഇവിടേക്ക് മാര്‍ച്ച് ചെയ്ത് വന്ന കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

പ്രദേശത്ത് ഇപ്പോഴും  സംഘര്‍ഷാവസ്ഥ തുടരുകയാണ്. നേരത്തെ തന്നെ കര്‍ഷക മാര്‍ച്ചിനെ തടയാന്‍ പൊലീസ് ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡും ലോറികളില്‍ മണ്ണും എത്തിച്ചിരുന്നു.

അതേസമയം ഏത് വിധേനയും അതിര്‍ത്തി കടന്ന് ദല്‍ഹിയിലെത്താനാണ് കര്‍ഷകരുടെ തീരുമാനം. വിജയം കാണാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍ പറയുന്നത്. രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകള്‍ വഴിയാണ് കര്‍ഷകര്‍ ചലോ ദല്‍ഹി മാര്‍ച്ചുമായി ദല്‍ഹിയില്‍ എത്തിച്ചേരുക.

രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 500-ലേറെ കര്‍ഷക സംഘടനകള്‍ കേന്ദ്ര നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sad Irony On Constitution Day”: Punjab On Haryana Action Against Farmers