| Wednesday, 23rd August 2017, 7:40 am

'തലാഖിനെതിരെ പരാതിപ്പെട്ടപ്പോള്‍ ഇസ്‌ലാമിനുവേണ്ടി സ്വയം ത്യജിക്കൂ എന്നാണ് മുതിര്‍ന്ന പുരോഹിതന്‍ പറഞ്ഞത്' സൈറ ബാനു ഓര്‍ക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുത്തലാഖിനെതിരെയുള്ള ഹര്‍ജി പിന്‍വലിക്കാന്‍ മുസ്‌ലിം പുരോഹിതന്മാരില്‍ നിന്നും തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് സൈറാ ബാനു. “ഇസ്‌ലാമിനുവേണ്ടി സ്വയം ത്യാഗം ചെയ്യൂ” എന്നാണ് അവര്‍ പറഞ്ഞതെന്നും സൈറ പറയുന്നു.

“എനിക്ക് സ്പീഡ് പോസ്റ്റായാണ് തലാഖ് കിട്ടിയത്. ഞാന്‍ മുതിര്‍ന്ന പുരോഹിതന്റെ അടുത്തു പോയി. അവര്‍ പറഞ്ഞത് ഇസ്‌ലാമിനുവേണ്ടി സ്വയം ത്യജിക്കൂ എന്നാണ്.” അവര്‍ പറയുന്നു.

തന്നെയും മുസ്‌ലിം സ്ത്രീകളെയും സംബന്ധിച്ച് ചരിത്ര ദിവസമാണിതെന്നും പരിഷ്‌കാരങ്ങളുടെ വഴിയിലെ നാഴികക്കല്ലാവും ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു.


Must Read:‘നെയ്മര്‍ പോണെങ്കില്‍ പോട്ടെ മെസിയ്ക്കും സ്വാരസിനും കൂട്ടായി ഇനി മമ്മൂട്ടിന്‍ഹോയുണ്ട്’; കാല്‍പ്പന്തുകൊണ്ട് കവിത വിരിയിക്കുന്ന മമ്മൂക്ക സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു


“ഇത് വലിയ നിമിഷമാണ്. ഇനി മുസ്‌ലിം യുവതികളെ ആരും തോന്നിയതുപോലെ അടിച്ച് പുറത്താക്കില്ല. ഇനിയും ഏറെ പരിഷ്‌കാരങ്ങള്‍ വേണ്ടതുണ്ട്. ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ ആചാരങ്ങള്‍ക്കെതിരെയും നമ്മള്‍ ശബ്ദമുയര്‍ത്തണം.” അവര്‍ പറഞ്ഞു.

മുത്തലാഖിനെതിരെ കോടതിയില്‍ നിലകൊള്ളുന്നതില്‍ നിന്നും തന്റെ അഭിഭാഷകനെ പിന്തിരിപ്പിക്കാനുള്ള ശ്രമമുണ്ടായിരുന്നെന്നും സൈറ പറയുന്നു. “ഒരു മുസ്‌ലിം സംഘടന എന്റെ അഭിഭാഷകനോട് ഒരിക്കല്‍ പറഞ്ഞു ഒന്നും മാറാന്‍ പോകുന്നില്ല. ഇതില്‍ പെട്ട് നിങ്ങള്‍ നാണം കെടുകയേ ഉള്ളൂ എന്നാണ്. പക്ഷെ അദ്ദേഹം പോരാട്ടം തുടരാന്‍ തീരുമാനിച്ചു.” ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. സൈറ ബാനു ഉള്‍പ്പടെ മുത്തലാഖിന് ഇരയായ സ്ത്രീകള്‍ നടത്തിയ നിയമപോരാട്ടത്തിന്റെ വിജയമായിരുന്നു ഇത്.

Latest Stories

We use cookies to give you the best possible experience. Learn more