| Tuesday, 20th August 2019, 6:52 pm

സേക്രഡ് ഗെയിംസിലെ അധോലോക നേതാവിന്റെ ഫോണ്‍ നമ്പറായി കാണിച്ചത് മലയാളി പ്രവാസിയുടെത്; മാപ്പ് പറഞ്ഞ് നെറ്റ്ഫ്‌ളിക്ക്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രമുഖ വെബ്‌സീരീസായ സേക്രഡ് ഗെയിംസില്‍ അധോലോക നായകന്റെ ടെലഫോണ്‍ നമ്പറായി കാണിച്ചത് കുഞ്ഞബ്ദുള്ള സി.എം എന്ന മലയാളി പ്രവാസിയുടെ ഫോണ്‍ നമ്പര്‍. ആഗസ്റ്റ് 15 ന് സീരിസിന്റെ പുതിയ എപിസോഡ് റിലീസ് ചെയ്തതോടെ കുഞ്ഞബ്ദുള്ളയ്ക്ക് തലങ്ങും വിലങ്ങും വിളി വരികയായിരുന്നു. അധോലോക കഥാപാത്രമായ സുലൈമാന്‍ ഈസയുടെ ഫോണ്‍ നമ്പറായിട്ടാണ് കുഞ്ഞബ്ദുള്ളയുടെ നമ്പര്‍ നല്‍കിയത്.

ഷാര്‍ജയില്‍ ഒരു ഓയില്‍ കമ്പനിയിലെ ജീവനക്കാരനാണ് കുഞ്ഞബ്ദുള്ള. സംഭവത്തില്‍ നെറ്റ്ഫ്‌ളിക്‌സ് മാപ്പ് പറഞ്ഞിട്ടുണ്ട്.  എപിസോഡിലെ സബ് ടൈറ്റിലില്‍ നിന്ന് നമ്പര്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നെറ്റ്ഫ്‌ളിക്‌സ് പറഞ്ഞു

സീരീസിലെ സുലൈമാന്‍ ഈസ എന്ന കഥാപാത്രം ചെയ്യുന്ന സൗരവ് സച്ച്‌ദേവ

കഴിഞ്ഞ മൂന്നു ദിവസമായി ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, യു.എ.ഇ തുടങ്ങിയ ലോകരാജ്യങ്ങളില്‍ നിന്ന് നിരന്തരം കോളുകള്‍ വന്നെന്നും എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും കുഞ്ഞബ്ദുള്ള ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

സേക്രഡ് ഗെയിംസ് സീരിസിനെ പറ്റി കുഞ്ഞബ്ദുള്ള കേട്ടിട്ട് പോലുമില്ല, ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ഭയമാണെന്നും നമ്പര്‍ ഉപേക്ഷിച്ച് പ്രശ്‌നം ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുഞ്ഞബ്ദുള്ള ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

‘എന്താണ് സേക്രഡ് ഗെയിംസ് ? വീഡിയോ ഗെയിമാണോ ? രാവിലെ 8 മുതല്‍ വൈകീട്ട് ഏഴ് വരെ ജോലിയെടുക്കുന്നയാളാണ് ഞാന്‍, ഇത്തരം കാര്യങ്ങള്‍ക്ക് എനിക്ക് സമയമില്ല.’

‘ഇന്ന് മാത്രം (ഞായറാഴ്ച) 30 വിളികളാണ് എനിക്ക് കിട്ടിയത്. എന്റെ ബാറ്ററി തീരാറായി, ആരാണ് ഈസ എന്ന് ചോദിച്ചാണ് എനിക്ക് ഫോണ്‍ വരുന്നത്’ കുഞ്ഞബ്ദുള്ള പറയുന്നു.

ചിത്രം കടപ്പാട്: ഗള്‍ഫ് ന്യൂസ്

We use cookies to give you the best possible experience. Learn more