വാരാണസി: സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് ഫേസ്ബുക്ക് വീഡിയോയില്‍ പരാതി പറഞ്ഞതിന് പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ മഹാസഖ്യ സഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സ്വന്തം സ്ഥാനാര്‍ത്ഥിയായ ശാലിനി യാദവിനെ പിന്‍വലിച്ചാണ് സമാജ്‌വാദി പാര്‍ട്ടി തേജ് ബഹദൂറിനെ പിന്തുണച്ചിരിക്കുന്നത്.
മോദിയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹദൂര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് എസ്.പി അദ്ദേഹത്തിന് പിന്തുണ നല്‍കിയിരിക്കുന്നത്.
സൈനികരുടെ പേരില്‍ വോട്ടു ചോദിക്കുന്ന മോദി അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സൈന്യത്തെ പ്രത്യേകിച്ച് അര്‍ധസൈനിക വിഭാഗങ്ങളെ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തുറന്നു കാണിക്കാനാണ് മത്സരിക്കുന്നതെന്നും തേജ് ബഹദൂര്‍ യാദവ് പറഞ്ഞിരുന്നു.
മൂന്ന് മാസം നീണ്ട കോര്‍ട്ട് മാര്‍ഷ്യലിന് ശേഷമാണ് തേജ് ബഹദൂറിനെ സൈന്യത്തില്‍ നിന്നും പിരിച്ചുവിട്ടത്.
സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് പറഞ്ഞുകൊണ്ടുള്ള തേജ് ബഹദൂറിന്റെ വീഡിയോ ആര്‍മിക്ക് പേരുദോഷമുണ്ടാക്കിയെന്ന കാരണം പറഞ്ഞാണ് തേജ് ബഹദൂറിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയത്. വളണ്ടറി റിട്ടയര്‍മെന്റ് അനുവദിക്കണമെന്ന തേജ്ബഹദൂറിന്റെ ആവശ്യവും ബി.എസ്.എഫ് തള്ളിയിരുന്നു.
ജമ്മു കശ്മീരിലെ ബി.എസ്.എഫ് ജവാന്മാരുടെ ദുരവസ്ഥ വെളിവാക്കുന്ന വീഡിയോ 2017 ജനുവരി 10നാണ് തേജ് ബഹദൂര്‍ യാദവ് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.
സൈനികരുടെ ഭക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുകയുടെ ചെറിയ ഭാഗം മാത്രമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നതെന്നും വളരെ മോശം ഭക്ഷണമാണ് സൈനികര്‍ക്കു ലഭിക്കുന്നതെന്നുമായിരുന്നു തേജ് ബഹദൂര്‍ യാദവിന്റെ ആരോപണം.
ഭക്ഷണത്തിനായി അനുവദിക്കുന്ന തുകയുടെ വലിയൊരു ഭാഗം ആരൊക്കെയോ കയ്യടക്കുകയാണ്. അതുകൊണ്ടുതന്നെ സൈനികര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാറില്ല. വസ്ത്രത്തിനുവേണ്ടി അനുവദിച്ച തുകയുടെ 30%മാത്രമാണ് അതിനായി ചിലവഴിക്കുന്നത്. തങ്ങളുടെ ഈ ദുരവസ്ഥ പലവട്ടം പരാതിപ്പെട്ടിട്ടും ആരും ചെവിക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.