ന്യൂദല്‍ഹി: 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസില്‍ ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. ഗുജറാത്തിലെ ജാംനഗര്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
തനിക്കെതിരെ നീതിയുക്തമായ വിചാരണ നടന്നിട്ടില്ലെന്നാണ് സഞ്ജീവ് ഭട്ട് വാദിക്കുന്നത്. ഒരാഴ്ച മുമ്പ് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഭട്ട് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്.
പ്രോസിക്യൂഷന്‍ 300 സാക്ഷികളുടെ പേരാണ് ലിസ്റ്റ് ചെയ്തത്. അതില്‍ 32 പേരെ മാത്രമാണ് വിചാരണ വേളയില്‍ വിസ്തരിച്ചത്. നിര്‍ണായകമായ പല സാക്ഷികളെയും ഒഴിവാക്കി. അന്വേഷണത്തില്‍ പങ്കാളിയായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍, കസ്റ്റഡി മരണം നടന്നിട്ടില്ലെന്ന് പറഞ്ഞ മറ്റുചില സാക്ഷികള്‍ എന്നിവരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ലെന്നും സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നു.
സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഭട്ട് മജിസ്‌ട്രേറ്റ് കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ആവശ്യം തള്ളുകയാണ് മജിസ്‌ട്രേറ്റ് കോടതി ചെയ്തത്. എന്നാല്‍ മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് ഹൈക്കോടതി ഹരജി ഭാഗികമായി അംഗീകരിച്ചു.
ഹരജി തള്ളിക്കൊണ്ട് മൂന്നംഗ ബെഞ്ച് ഉത്തരവ് പാസാക്കിയതിനാല്‍ തങ്ങള്‍ക്ക് ഇത് ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, അജയ് രസ്‌തോഗി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റെ വിധി.
ഇന്നാണ് കേസില്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നത്.
ഒരു വര്‍ഗീയ സംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുക്കുകയും അതില്‍ ഒരാള്‍ മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ വാദം.
വേറൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 2018 സെപ്റ്റംബര്‍ 22 മുതല്‍ സഞ്ജീവ് ഭട്ട് ജയിലിലാണ്. രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസില്‍ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ഇപ്പോള്‍ ജയിലില്‍ക്കഴിയുന്നത്. ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത് 1998-ലാണ് കേസിനാസ്പദമായ സംഭവംനടന്നത്.
2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.