ജാര്‍ഖണ്ഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ മത്സരിച്ച ജെ.ജെ.പി സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് പാര്‍ട്ടി വിട്ടു. ഹരിയാനയില്‍ ബി.ജെ.പിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് തേജ് ബഹദൂര്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യപിച്ച്.
അതിര്‍ത്തിയില്‍ കഴിയുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ വഴി പരാതിപ്പെട്ടതിനെ തുടര്‍ന്ന് തേജ് ബഹാദൂര്‍ യാദവിനെ ബി.എസ്.എഫ് 2017 ല്‍ പുറത്താക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സെപ്റ്റംബറിലാണ് ജന്നായക് ജനതാ പാര്‍ട്ടിയില്‍ (ജെ.ജെ.പി) തേജ്ബഹദൂര്‍ യാദവ് ചേര്‍ന്നത്. ദുഷ്യന്ത് ചൗതാലയുടെ സാന്നിധ്യത്തിലായിരുന്നു ഇദ്ദേഹം പാര്‍ട്ടി അംഗത്വം എടുത്തത്.
ഇന്നലെയാണ് ബി.ജെ.പിയുമായുള്ള സഖ്യം ജെ.ജെ.പി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് വാതില്‍ തുറന്നുകൊടുക്കുക വഴി ദുഷ്യന്ത് ചൗതാല ഹരിയാനയിലെ ജനങ്ങളെ ഒറ്റിക്കൊടുത്തെന്നും ഹരിയാനയിലെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞ ബി.ജെ.പിയ്ക്ക് വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ജെ.ജെ.പി അവസരമൊരുക്കിയെന്നും തേജ് ബഹദൂര്‍ യാദവ് പറഞ്ഞു.
ബി.ജെ.പിയുടെ ബി ടീമായ ജെ.ജെ.പി ഇപ്പോള്‍ ബി.ജെ.പിയായി മാറിയെന്നും രണ്ട് പാര്‍ട്ടികളും ഇപ്പോള്‍ ഒരുപോലെയാണെന്നും ജനങ്ങള്‍ അവരെ തീര്‍ച്ചയായും എതിര്‍ക്കണമെന്നും തേജ് ബഹദൂര്‍ പറഞ്ഞു.
ഹരിയാനായിലെ കര്‍നാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെയായിരുന്നു തേജ്ബഹദൂര്‍ യാദവ് മത്സരിച്ചത്. 79722 വോട്ടുകള്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ നേടിയപ്പോള്‍ 10000 ത്തിലേറെ വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തായിരുന്നു തേജ്ബഹദൂര്‍ യാദവ്. കോണ്‍ഗ്രസിന്റെ തര്‍ലോചന്‍ സിങ്ങാണ് രണ്ടാമതെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ നേടിയ ജെ.ജെ.പി വെള്ളിയാഴ്ചയാണ് ബി.ജെ.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
മനോഹര്‍ ലാല്‍ ഖട്ടറിന്റെ ബി.ജെ.പി ഭൂരിപക്ഷം തികയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ജെ.ജെ.പിയുടേയും സ്വതന്ത്രരുടേയും പിന്തുണ തേടിയത്.
ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പിക്ക് ഹരിയാനയില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും ബി.ജെ.പി വാഗ്ദാനം ചെയ്തു. നാളെ രണ്ട് മണിക്കാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.