ലുധിയാന: പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്‌നം രൂക്ഷമാകവേ സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് താക്കീതുമായി കേന്ദ്രനേതൃത്വം. സിദ്ദു തന്റെ ഉപദേശകരെ നിലയ്ക്കുനിര്‍ത്തണമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു.
അടുത്തിടെയാണ് സിദ്ദുവിന്റെ ടീമിലേക്ക് മല്‍വീന്ദര്‍ സിംഗ് മാലി, പ്യാരെ ലാല്‍ ഗാര്‍ഗ് എന്നിവരെത്തിയത്. ഇതിന് പിന്നാലെ ഇരുവരുടേയും പ്രസ്താവന വിവാദമായിരുന്നു.
കശ്മീര്‍ കശ്മീരികളുടേതാണെന്നും വേറെ രാജ്യമാണെന്നുമായിരുന്നു മാലിയുടെ പ്രസ്താവന. പാകിസ്ഥാനെതിരായ പ്രസ്താവനകളില്‍ നിന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വിട്ടുനില്‍ക്കണമെന്നായിരുന്നു പ്യാരെ ലാല്‍ പറഞ്ഞത്.
ഇതിനെതിരെയാണ് ഹരീഷ് റാവത്ത് രംഗത്തെത്തിയത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഹരീഷ് റാവത്ത് പറഞ്ഞു.
നേരത്തെ അമരീന്ദര്‍ സിംഗും സിദ്ദുവിന് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സിദ്ദു ഉപദേശകരെ വിളിച്ചു വരുത്തി വിവാദ വിഷയങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.