നിയന്ത്രണരേഖ മറികടന്ന് പാകിസ്ഥാനെതിരെ ആക്രമണം നടത്തിയെന്നു പറഞ്ഞ് ഇന്ത്യ രംഗത്തെത്തിയതോടെ ഇന്ത്യ പാക് അതിര്‍ത്തിയില്‍ ആശങ്ക നിലനില്‍ക്കുകയാണ്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ യുദ്ധത്തിലേക്കു നീങ്ങിയേക്കാമെന്ന തരത്തിലുള്ള ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. യുദ്ധത്തെ എതിര്‍ത്തും പിന്തുണച്ചും സോഷ്യല്‍ മീഡിയകള്‍ സജീവമാണ്.
ഏതു രാജ്യങ്ങള്‍ തമ്മിലായാലും യുദ്ധങ്ങള്‍ നഷ്ടങ്ങള്‍ മാത്രമേ സൃഷ്ടിക്കൂ. ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കും. അതിലേറെപ്പേര്‍ കയ്യും കാലും മറ്റും നഷ്ടപ്പെട്ട നരകയാതന അനുഭവിക്കേണ്ടിവരും. യുദ്ധത്തിനെതിരെ നിലകൊള്ളുന്നവരെല്ലാം തന്നെ യുദ്ധക്കെടുതികള്‍ ഉയര്‍ത്തികാട്ടിക്കൊണ്ട് ഇനിയൊരു യുദ്ധം വേണ്ട എന്നു വാദിക്കുകയാണ്.
അത്തരത്തില്‍ യുദ്ധത്തിന്റെ കെടുതികള്‍ ഉയര്‍ത്തിക്കാട്ടിയ ഒന്നായിരുന്നു കാര്‍ഗില്‍ യുദ്ധത്തിനുശേഷം സച്ചിദാനന്ദന്‍ എഴുതിയ യുദ്ധം കഴിഞ്ഞ് എന്ന കവി. വീണ്ടുമൊരു യുദ്ധം എന്ന് സാധാരണ ജനത ആശങ്കപ്പെടുന്ന ഈ ഘട്ടത്തില്‍ യുദ്ധത്തിന്റെ കെടുതി തുറന്നുകാട്ടുന്ന സച്ചിദാനന്ദന്റെ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
യുദ്ധം കഴിഞ്ഞ്
യുദ്ധം കഴിഞ്ഞ് ശവങ്ങളുടെ കണക്കെടുപ്പു തുടങ്ങിയപ്പോള്‍
കൗരവരും പാണ്ഡവരും
ഒന്നിച്ചു തലയില്‍ കൈവച്ചു.
“എന്തിനായിരുന്നു യുദ്ധം?”
പാണ്ഡവര്‍ ചോദിച്ചു
“എങ്ങനെയായിരുന്നു മരണം?”
കൗരവര്‍ ചോദിച്ചു.
“ആരാണീ കടുംകൈ ചെയ്തത്?”
പാണ്ഡവര്‍ തിരക്കി.
“ആരാണീ കടുംകൈ ചെയ്യിച്ചത്?”
കൗരവര്‍ തിരക്കി.
“നാം ഒരേ കുടുംബക്കാരല്ലേ?”
പാണ്ഡവര്‍ അദ്ഭുതം കൂറി.
“നാം നല്ല അയല്‍ക്കാരല്ലേ?”
കൗരവര്‍ അദ്ഭുതം കൂറി.
“നമ്മുടെ പുഴകള്‍ ഒന്നുതന്നെ”
പാണ്ഡവര്‍ പറഞ്ഞു.
“നമ്മുടെ ഭാഷകള്‍ ഒന്നുതന്നെ”
കൗരവര്‍ പറഞ്ഞു.
“ഞങ്ങളുടെ വീട് അക്കരെയായിരുന്നു”
പാണ്ഡവര്‍ ഓര്‍മ്മിച്ചു.
“ഞങ്ങളുടെ വീട് അക്കരെയായിരുന്നു”
കൗരവര്‍ ഓര്‍മ്മിച്ചു.
“ഒരേ ഭൂമി ഒരേ ആകാശം
ഒരേ വെള്ളം ഒരേ ആഹാരം”
പാണ്ഡവര്‍ പാടി
“ഒരേ വൃക്ഷം ഒരേ രക്തം
ഒരേ ദുഃഖം ഒരേ സ്വപ്നം”
കൗരവര്‍ ഏറ്റുപാടി.
എന്നിട്ട് അവര്‍ തോക്കുകള്‍ തുടച്ചു വെടിപ്പാക്കി
വീണ്ടും പരസ്പരം വെടിവെച്ചു തുടങ്ങി.