| Monday, 23rd January 2017, 9:25 pm

ഇനി നോട്ടുകളിലും മോദി സ്വന്തം പടം വെക്കും: സച്ചിദാനന്ദന്‍; സംഘപരിവാറുകാര്‍ മരണത്തിന്റെ ആരാധകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


സംഘപരിവാറുകാര്‍ മരണത്തിന്റെ ആരാധകരാണ്.  മറ്റുള്ളവരെ കൊല്ലുന്നത് ന്യായീകരിക്കാനാണ് അവര്‍ മരണത്തെ വാഴ്ത്തുന്നതും ആഘോഷിക്കുന്നതും. ഐ.എസ് ഭീകരരും മതത്തിന് വേണ്ടി മരിക്കാന്‍ ആഹ്വാനം ചെയ്യുന്നതും ഇതുപോലെ തന്നെയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.


കൊച്ചി:  നോട്ടുകള്‍ നിരോധിക്കുകയും ചര്‍ക്ക ഉള്‍പ്പടെ എല്ലാം ഏറ്റെടുക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി കറന്‍സികളുടെ മുകളിലും സ്വന്തം പടം വെയ്ക്കുമെന്ന് കവി സച്ചിദാനന്ദന്‍. ഗാന്ധിജിയും നെഹ്‌റുവുമൊക്കെ സംഘപരിവാറുകാരുടെ ഭീഷണിയിലാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

സംഘപരിവാറുകാര്‍ മരണത്തിന്റെ ആരാധകരാണ്.  മറ്റുള്ളവരെ കൊല്ലുന്നത് ന്യായീകരിക്കാനാണ് അവര്‍ മരണത്തെ വാഴ്ത്തുന്നതും ആഘോഷിക്കുന്നതും. ഐ.എസ് ഭീകരരും മതത്തിന് വേണ്ടി മരിക്കാന്‍ ആഹ്വാനം ചെയ്യുന്നതും ഇതുപോലെ തന്നെയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ആര്‍.എസ്.എസുകാരും ബിജെപിക്കാരും ഋഗ്വേദത്തിലേയും ഉപനിഷത്തിലേയും സാഹോദര്യവും നന്മയുമൊന്നും വായിച്ചിട്ടില്ല. പ്രതിലോമപരമായ കാര്യങ്ങളാണ് അവര്‍ ഏറ്റുപറയുന്നത്. നിരക്ഷരതയാണ് അവരുടെ പ്രശ്‌നമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തുന്ന അവസ്ഥയാണുള്ളത്. മുസ്‌ലിംങ്ങളടക്കമുള്ള ഇതര മതസ്ഥരെ പുറമെ നിന്നുള്ളവരാണെന്ന് മുദ്രകുത്തി വെറുപ്പ് പടര്‍ത്തുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. തങ്ങള്‍ക്കു ഹിതകരമല്ലാത്തതെല്ലാം വേണ്ടെന്ന സംഘപരിവാര്‍ നിലപാടിന് തെളിവാണ് ഗോമാംസനിരോധനമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.


Read more: സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ മോചിപ്പിച്ചു


പുരുഷ മേധാവിത്വ പ്രചാരണവും അതിലുള്ള ആഘോഷവുമാണ് സംഘപരിവാര്‍ ഫാസിസ്റ്റുകളുടെ മറ്റൊരു മുഖമുദ്ര. പ്രധാനമന്ത്രി മോദിയുടെ നെഞ്ചളവിനെ കുറിച്ച് നിര്‍ലജ്ജം പറയുന്നത് ഇതു കൊണ്ടാണ്. സ്ത്രീകളെ മാത്രമല്ല ദുര്‍ബല വിഭാഗങ്ങളെയാകെ അപമാനിക്കുകയും അപകീര്‍ത്തിയുണ്ടാക്കുകയും ചെയ്യുന്ന നടപടിയാണ് സംഘപരിവാറിന്റേതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

എഴുത്തുകാരെയും ചിന്തകരെയുമെല്ലാം പാകിസ്ഥാനിലേക്ക് പോകണമെന്ന് സംഘപരിവാര്‍ പറയുമ്പോള്‍ പാക്കിസ്ഥാന്‍ വൈകാതെ ഏഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

അസഹിഷ്ണുതക്കെതിരെ സാഹിത്യകാരന്മാര്‍ പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചത് പൊടുന്നനെയുള്ള സ്വാഭാവികപ്രതികരണമായിരുന്നു. ഗൂഢാലോചനയെന്നും തെറ്റിദ്ധരിപ്പിക്കല്‍ എന്നുമൊക്കെയായിരുന്നു സര്‍ക്കാര്‍ അതിന് ഒൗദ്യോഗികമായി  ആരോപിച്ചത്.

എം.എഫ് ഹുസൈനും ഷാരൂഖ് ഖാനും നന്ദിതാ ദാസും കമലുമെല്ലാം പാകിസ്ഥാനിലേക്ക് പോകണമെന്നാണ് സംഘപരിവാര്‍ പറയുന്നത്. സംസ്‌ക്കാരത്തെ കുറിച്ച് മിണ്ടിയാല്‍ ഷൂട്ട് ചെയ്യുമെന്ന ഗീബല്‍സിയന്‍ ഫാസിസ്റ്റ് സമീപനമാണ് സംഘപരിവാറിന്റേതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

കൊച്ചിയില്‍ ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന സച്ചിദാനന്ദന്‍.


Also read: ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും കോഹ്‌ലിയുടെ പതിനെട്ടാം നമ്പര്‍ ജഴ്‌സിയിലേക്ക് ; അച്ഛനെന്ന ഗുരുവും പിന്നിട്ട വഴികളേയും കുറിച്ച് രോഹന്‍ മനസ്സു തുറക്കുന്നു


We use cookies to give you the best possible experience. Learn more