| Monday, 10th June 2019, 5:05 pm

ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിന് എല്ലാ ഭാവുകങ്ങളും; യുവിക്ക് ആശംസയുമായി സച്ചിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച യുവരാജ് സിങിന് ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലേക്ക് കടക്കുന്ന യുവിക്ക് ഏല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് സച്ചിന്‍ തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇരുവരും ലോകകുപ്പുമായി നില്‍ക്കുന്ന ഫോട്ടോയോടൊപ്പമായിരുന്നു സച്ചിന്റെ പോസ്റ്റ്.

‘എത്ര സംഭവഭഹുലമായ കരിയര്‍ ആയിരുന്നു യുവീ നിങ്ങളുടേത്. ടീം ആവശ്യപ്പെടുന്ന സമയത്ത് ഒരു യഥാര്‍ത്ഥ ചാമ്പ്യനായി നിങ്ങളെന്നും ഉണ്ടായിരുന്നു. ഫീല്‍ഡിന് പുറത്തും അകത്തും  ഉയര്‍ച്ചകളേയും താഴ്ചകളേയും നിങ്ങള്‍ നേരിട്ട രീതി അമ്പരപ്പിക്കുന്നതായിരുന്നു. നിങ്ങളുടെ രണ്ടാം ഇന്നിങ്‌സിന് എല്ലാ ഭാവുകങ്ങളും. ക്രിക്കറ്റിനായി നിങ്ങള്‍ ചെയ്തതിന് നന്ദി’- സച്ചിന്റെ കുറിപ്പില്‍ പറയുന്നു.

ഇന്ന് മുംബൈയില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് യുവി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഐ.പി.എല്‍ അടക്കമുള്ള ഐ.സി.സി അംഗീകരിച്ച ട്വന്റി20 ക്രിക്കറ്റ് ലീഗുകളില്‍ താന്‍ കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

17 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് യുവി കളം വിടുന്നത്. 2012-ലാണ് യുവി അവസാനമായി ഇന്ത്യക്കു വേണ്ടി ടെസ്റ്റ് മത്സരം കളിക്കുന്നത്. 2017-ല്‍ അവസാനമായി ഏകദിനവും ട്വന്റി20-യും കളിച്ചു. ലോകക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരുടെ പട്ടികയിലും എന്നും യുവിയുണ്ടായിരുന്നു. ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറുപന്തില്‍ സിക്സറടിച്ച് യുവി വിസ്മയം തീര്‍ത്തിട്ടുണ്ട്.

304 ഏകദിനങ്ങള്‍ കളിച്ച യുവി, 8,701 റണ്‍സും 111 വിക്കറ്റും നേടിയിട്ടുണ്ട്. 40 ടെസ്റ്റുകള്‍ കളിച്ച് 1900 റണ്‍സും ഒമ്പത് വിക്കറ്റും നേടി. ഇന്ത്യക്കുവേണ്ടി 58 ട്വന്റി 20 മത്സരങ്ങളില്‍ പാഡുകെട്ടിയ താരം, 1777 റണ്‍സും 28 വിക്കറ്റും നേടി.

‘ദ ടെസ്റ്റ് ഓഫ് മൈ ലൈഫ്: ഫ്രം ക്രിക്കറ്റ് ടു കാന്‍സര്‍ ആന്‍ഡ് ബാക്ക്’ എന്ന ആത്മകഥ യുവിയുടേതാണ്. കാന്‍സര്‍ ബാധിതനായ കാലയളവും അവിടെനിന്ന് ക്രിക്കറ്റ് ഗ്രൗണ്ടിലേക്കു തിരികെയെത്തിയതുമാണ് ഇതില്‍ പ്രതിപാദിക്കുന്നത്

We use cookies to give you the best possible experience. Learn more