'പ്ലീസ്... എന്റെ മക്കളെ വെറുതെ വിടൂ...'; മക്കളുടെ പേരിലുള്ള വ്യാജ ട്വീറ്റുകള്‍ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
Daily News
'പ്ലീസ്... എന്റെ മക്കളെ വെറുതെ വിടൂ...'; മക്കളുടെ പേരിലുള്ള വ്യാജ ട്വീറ്റുകള്‍ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th October 2017, 12:41 pm

 

മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സൈബര്‍ ആക്രമണങ്ങള്‍ക്ക് അധികം വിധേയമാകാത്ത താരവുമാണ് സച്ചിന്‍.

എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സച്ചിന്റെ മകള്‍ സാറയുടേതെന്ന പേരില്‍ വന്ന ഒരു ട്വീറ്റ് വലിയ വാര്‍ത്തയായിരുന്നു. “എല്ലാവര്‍ക്കും അറിയാം ശരദ് പവാറും എന്‍.സി.പിയുമാണ് മഹാരാഷ്ട്രയെ കൊള്ളയടിച്ചതെന്ന്. എന്നാല്‍ അദ്ദേഹം കേന്ദ്രത്തിലും ഇതുതന്നെയാണ് ചെയ്തതെന്ന് പലര്‍ക്കും അറിയില്ല.” എന്നായിരുന്നു ട്വീറ്റ്. ട്വീറ്റിനൊപ്പം മല്ല്യനെയിംസ് പവര്‍ എന്ന ഹാഷ്ടാഗും ഉണ്ടായിരുന്നു.


Also Read: ‘തലസ്ഥാനത്തും രക്ഷയില്ല’; ഇംഗ്ലീഷ് ഫ്ളക്സുകളും കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകരുടെ ഫോട്ടോകളും; തിരുവനന്തപുരവും അമിത് ഷായെ സ്വീകരിച്ചത് ആര്‍.എസ്.എസ് ഭീകരതയുടെ നേര്‍ക്കാഴ്ചകള്‍


ഒക്ടോബര്‍ ഒമ്പതിനാണ് സാറാ ടെന്‍ഡുല്‍ക്കര്‍ എന്ന അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് വന്നിരിക്കുന്നത്.  ഈ ട്വീറ്റിനെ കുറിച്ച് സച്ചിന്‍ വിശദീകരിക്കണമെന്ന് എന്‍.സി.പിയുടെ നിയമസഭാംഗം ജിതേന്ദ്ര അവാഡ് ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്നാണ് സച്ചിന്‍ വിശദീകരണവുമായി രംഗത്തുവന്നത്. “പ്ലീസ് മക്കളായ സാറയുടെയും അര്‍ജുന്റെയും പേരിലുള്ളത് വ്യാജ അക്കൗണ്ടുകളാണ്. അവര്‍ക്ക് ട്വിറ്റര്‍ അക്കൗണ്ടുകളില്ല”. ഇത്തരം വ്യാജ അക്കൗണ്ടുകള്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെന്നും അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

സച്ചിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ട്വിറ്റര്‍ വ്യാജ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ഇതിനു മുന്‍പും സച്ചിന്റെ മക്കളുടേതെന്ന പേരിലുള്ള ട്വീറ്റുകള്‍ വന്നിരുന്നു.