ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ പെരുമാറ്റചട്ടലംഘനത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ബോക്‌സര്‍ സരിതദേവിയെ പിന്തുണക്കണമെന്നപേക്ഷിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്‌പോര്‍ട്‌സ് മന്ത്രി സര്‍ബാനന്ദ സൊണോവലിന് കത്തയച്ചു. സരിതാദേവിയുടെ ഭാവിക്ക് തന്നെ ഭീഷണിയായരീതിയില്‍ വിലക്കുണ്ടാവുമെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തന്നെ ആശങ്കാകുലന്നതായിരുന്നു എന്ന് മന്ത്രിക്ക് നല്‍കിയ കത്തില്‍ സച്ചിന്‍ പറയുന്നു.
ഈ പ്രശ്‌നം താങ്കള്‍ കാര്യമായി കാണണമെന്നും സരിതക്ക് വേണ്ട പിന്തുണ നല്‍കണമെന്ന് ഞാന്‍ താങ്കളോട് അപേക്ഷിക്കുന്നു. കരിയറിന്റെ തുടക്കകാലത്തില്‍ തന്നെ അതിനു ഭീഷണിയുണ്ടാവരുത്. സച്ചിന്‍ കത്തില്‍ എഴുതി.
സെപ്റ്റംബറില്‍ ഇഞ്ചിയോണില്‍ നടന്ന വനിതകളുടെ ലൈറ്റ് വെയിറ്റ് ബോക്‌സിങ് സെമിഫൈനലില്‍ സരിത പരാജയപ്പെട്ടിരുന്നു. വിധികര്‍ത്താക്കളുടെ തീരുമാനം തെറ്റായിരുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തനിക്കു കിട്ടിയ മെഡല്‍ തന്റെ എതിരാളിക്ക് നല്‍കിക്കൊണ്ടാണ് സരിത തന്റെ പ്രതിഷേധം അറിയിച്ചത്.
സരിതയെ പെട്ടെന്നുണ്ടായ പ്രക്ഷോഭത്തിലേക്ക് നയിച്ച മാനസികാവസ്ഥ ഒരു സ്‌പോര്‍ട്‌സ്മാന്‍ എന്ന നിലയില്‍ എനിക്ക് മനസിലാവും. അതിലവര്‍ പശ്ചാത്തപിക്കുന്നുമുണ്ട് അതുപോലെ അവരോട് ക്ഷമിക്കേണ്ടതും വീണ്ടുമൊരവസരം അവര്‍ക്ക് നല്‍കേണ്ടതുമാണ്. സച്ചിന്‍ എഴുതി.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനില്‍ നിന്നും എ.ഐ.ബി.എയുടെ ഗവേണിംങ് ബോഡിക്കുമുന്നില്‍ സരിതക്ക് വേണ്ടി വാദിക്കാന്‍ ഒരു സംഘത്തെ നിയമിക്കണമെന്നും സരിതയുടെ കരിയറിനെ വിപരീതമായി ബാധിക്കുന്ന വിധമുള്ള ഗവേണിംഗ് ബോഡിയുടെ തീരുമാനങ്ങളെ പിന്തിരിപ്പിക്കാനുതകുന്ന നടപടികളെടുക്കുകയാവണം ഈ സംഘത്തിന്റെ ലക്ഷ്യമെന്നും സച്ചിന്‍ സൊണോവലിനോട് കത്തില്‍ അ്‌പേക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ സരിതാദേവിക്ക് വേണ്ട പിന്തുണ നല്‍കണമെന്ന് സച്ചിന്‍ മന്ത്രിയോട് തന്റെ കത്തില്‍ അപേക്ഷിക്കുന്നു.