'കൊച്ചിയില്‍ ഫുട്‌ബോള്‍ മതി; ക്രിക്കറ്റ് തിരുവനന്തപുരത്തും'; വിഷയത്തില്‍ ഇടപെടാമെന്ന് വിനോദ് റായി ഉറപ്പ് നല്‍കിയെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്ന് ക്രിക്കറ്റ് ഇതിഹാസവും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സഹഉടമകളിലൊരാളുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യാ- വിന്‍ഡീസ് ക്രിക്കറ്റ് വേദി പ്രഖ്യാപനത്തോടെ കൊച്ചി സ്‌റ്റേഡിയം വിവാദത്തിലായ സാഹചര്യത്തിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതികരണം.

ഫിഫ അപ്രൂവ് ചെയ്ത കൊച്ചിയിലെ ലോകോത്തര നിലവാരമുള്ള ടര്‍ഫിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ വിഷയത്തില്‍ ശരിയായ തീരുമാനമെടുക്കണമെന്നും ട്വീറ്റ് ചെയ്ത സച്ചിന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ തിരുവനന്തപുരത്തും ഫുട്‌ബോള്‍ കൊച്ചിയിലും നടത്തണമെന്നും കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ഇടപെടാമെന്ന് വിനോദ് റായി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിഷയത്തില്‍ ആരെയും നിരാശരാക്കരുതെന്നും സച്ചിന്‍ പറഞ്ഞു. നേരത്തെ വിശയത്തില്‍ തങ്ങള്‍ തീരുമാനം പുന:പരിശോധിക്കുകയാണെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ഫുട്ബോള്‍ രംഗത്തുള്ള പല പ്രമുഖരും ചൂണ്ടിക്കാണിക്കുന്നത് ടര്‍ഫ് തിരിച്ച് തയ്യാറാക്കുമ്പോള്‍ വലിയ നഷ്ടം വരുമെന്നും അത് നശിക്കാന്‍ സാധ്യതയുണ്ടെന്നാണെന്നും പറഞ്ഞ മോഹനന്‍ അതുകൊണ്ട് തന്നെ തീരുമാനം പുന:പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു പറഞ്ഞത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടത്തിയാല്‍ കൊച്ചിയില്‍ ടര്‍ഫ് പൊളിക്കേണ്ട പ്രശ്നം വരില്ലെന്നും മോഹനന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തും കൊച്ചിയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തിയാല്‍ മതിയെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു.