അവൻ ബാറ്റ് ചെയ്യുന്ന രീതി എന്നെ അതിശയിപ്പിച്ചു: പ്രസ്താവനയുമായി സച്ചിൻ
Cricket
അവൻ ബാറ്റ് ചെയ്യുന്ന രീതി എന്നെ അതിശയിപ്പിച്ചു: പ്രസ്താവനയുമായി സച്ചിൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th August 2024, 11:11 pm

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്ങിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ രോഹിത്തിന്റെ ബാറ്റിങ്ങിനെക്കുറിച്ചാണ് സച്ചിന്‍ സംസാരിച്ചത്. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു സച്ചിൻ

‘രോഹിത് ശര്‍മയുടെ ബാറ്റിങ് വളരെ ആകര്‍ഷകമാണ്. ശ്രീലങ്കന്‍ പരമ്പരയില്‍ ബാറ്റ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടായ ഒരു കാര്യമാണ്. പക്ഷേ രോഹിത് അങ്ങനെ ആയിരുന്നില്ല. അവന്‍ വളരെ മികച്ച രീതിയിലാണ് കളിച്ചത്. അവന്‍ ബാറ്റ് ചെയ്യുന്ന രീതി വളരെ അതിശയിപ്പിക്കുന്നതാണ്. അതാണ് രോഹിത് ശര്‍മയുടെ ബാറ്റിങ്ങിന്റെ സൗന്ദര്യം,’ സച്ചിന്‍ പറഞ്ഞു.

ശ്രീലങ്കക്കെതിരെയുള്ള പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീടുള്ള രണ്ടു മത്സരങ്ങളും ശ്രീലങ്ക വിജയിച്ചുകൊണ്ട് സീരീസ് വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങിയ താരങ്ങള്‍ തിളങ്ങാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ബാറ്റിങ്ങില്‍ രോഹിത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഇനി ഒരു മാസത്തോളം ഇടവേളയാണ് ഇന്ത്യക്ക് മുന്നിലുണ്ട്. ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം ഈ സമയങ്ങളില്‍ ദുലീപ് ട്രോഫിയുടെ ഭാഗമാകും. എന്നാല്‍ രോഹിത്തും വിരാട് കോഹ്‌ലിയും ഈ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടില്ല.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് രോഹിത്തിന്റെ കീഴിലായിരുന്നു ഇന്ത്യ സ്വന്തമാക്കിയിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടായിരുന്നു രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ രണ്ടാം ടി-20 കിരീടം ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു ഇന്ത്യ കിരീടം ചൂടിയത്.

ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം ഒരു മത്സരം പോലും പരാജയപ്പെടാതെ ചാമ്പ്യന്മാരാവുന്നത്. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ കിരീടം നേടിയത്. ഫൈനലിലെ ഈ വിജയത്തോടെ ടി-20യില്‍ 50 മത്സരങ്ങള്‍ വിജയിക്കുന്ന ചരിത്രത്തിലെ ആദ്യ ക്യാപ്റ്റനായി മാറാനും രോഹിത്തിന് സാധിച്ചിരുന്നു.

 

Content Highlight: Sachin Tendulker Talks About Rohit Sharma