അവന്റെ ബാറ്റിങ് നേരിട്ട് കണ്ടപ്പോൾ തന്നെ അവന്റെ കഴിവ് ഞാൻ മനസിലാക്കി: സച്ചിൻ
Cricket
അവന്റെ ബാറ്റിങ് നേരിട്ട് കണ്ടപ്പോൾ തന്നെ അവന്റെ കഴിവ് ഞാൻ മനസിലാക്കി: സച്ചിൻ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th September 2024, 10:20 pm

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ധോണിയെ ആദ്യമായി കണ്ടതിന്റെ അനുഭവത്തെക്കുറിച്ചായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റേര്‍ സംസാരിച്ചത്. ജിയോ ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍.

‘ഞാന്‍ ധോണിയെ ആദ്യമായി കാണുന്നത് ബംഗ്ലാദേശില്‍ വെച്ചാണ്. ആ മത്സരത്തില്‍ അദ്ദേഹം അവസാനം ഒന്നോ രണ്ടോ ഷോട്ടുകള്‍ കളിച്ചു. അപ്പോള്‍ ധോണിയുടെ വീട്ടില്‍ നിന്നും ഞാന്‍ വ്യത്യസ്തമായ ഒരു ശബ്ദം കേട്ടു. ഉടന്‍ തന്നെ എന്റെ അടുത്തുള്ള സൗരവ് ഗാംഗുലിയോട് ഞാന്‍ ഈ കാര്യം പറഞ്ഞു.

വലിയ ഹിറ്ററുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ആ സമയങ്ങളില്‍ ബോള്‍ 10 യാര്‍ഡ് കൂടുതല്‍ സഞ്ചരിക്കും. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ ബാറ്റിങ്ങിന്റെ നിലവാരം ഞാന്‍ കണ്ടു. മിക്ക സമയങ്ങളിലും ഞങ്ങള്‍ ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്ന സമയങ്ങളില്‍ എന്റെ അടുത്തായിരിക്കും ധോണിയുടെ സീറ്റ് ഉണ്ടാവുക. എന്നാല്‍ അദ്ദേഹം അത് മറ്റ് താരങ്ങള്‍ക്ക് നല്‍കും,’ സച്ചിന്‍ പറഞ്ഞു.

ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലും 538 മത്സരങ്ങള്‍ കളിച്ച ധോണി 17266 റണ്‍സാണ് നേടിയിട്ടുള്ളത്. 16 സെഞ്ച്വറികളും 108 അര്‍ധസെഞ്ച്വറികളുമാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്. ഇന്ത്യക്കായി ആദ്യ ടി-20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനും ധോണിയാണ്.

2007ല്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ധോണിയുടെ കീഴില്‍ ആദ്യ കുട്ടിക്രിക്കറ്റിന്റെ കിരീടം ഇന്ത്യ സ്വന്തമാക്കിയത്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഏകദിന ലോകകപ്പും ധോണിയുടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യ രണ്ടാം കിരീടം നേടിയത്.

ഇതോടെ കപില്‍ ദേവിന് ശേഷം ഐ.സി.സി ഏകദിന ലോകകപ്പ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായി മാറാനും ധോണിക്ക് സാധിച്ചിരുന്നു. 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണിയുടെ കീഴില്‍ ഇന്ത്യ നേടിയിരുന്നു.

2020ല്‍ ആയിരുന്നു ധോണി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഇപ്പോഴും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് നടത്തുന്നത്. ചെന്നൈക്കായി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണി നേടിയിട്ടുള്ളത്.

 

Content Highlight: Sachin Tendulker Talks About Ms Dhoni