ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 9.4 ഓവറില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശര്‍മയുടെയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെയാണ് ഹൈദരാബാദ് മത്സരത്തില്‍ അനായാസം വിജയിച്ചത്. 30 പന്തില്‍ 59 റണ്‍സ് ആണ് ഹെഡ് അടിച്ചെടുത്തത്. എട്ടു വീതം ഫോറുകളും സിക്‌സുകളും ആണ് ഓസ്‌ട്രേലിയന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 295.67 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
26 പന്തില്‍ 75 റണ്‍സ് നേടി കൊണ്ടായിരുന്നു അഭിഷേകിന്റെ തകര്‍പ്പന്‍ പ്രകടനം. എട്ട് ഫോറുകളും ആറ് സിക്‌സുമാണ് അഭിഷേക് നേടിയത്. 267.86 പ്രഹരശേഷിയിലായിരുന്നു അഭിഷേക് ബാറ്റ് വീശിയത്.
ഇപ്പോഴിതാ ഇരുതാരങ്ങളുടെയും വെടിക്കെട്ട് പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ 300 സ്‌കോര്‍ ചെയ്യുമായിരുന്നു എന്നാണ് സച്ചിന്‍ പറഞ്ഞത്. എക്‌സ് അക്കൗണ്ടിലൂടെ പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ ഇതിഹാസം.
‘ഇത് വിനാശകരമായ ഓപ്പണിങ് കൂട്ടുകെട്ടാണ്. ഈ രാത്രി വളരെ അടയാളപ്പെടുത്തുന്നതായിരിക്കും. ഈ ആണ്‍കുട്ടികള്‍ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ 300 റണ്‍സ് സ്‌കോര്‍ ചെയ്യുമായിരുന്നു,’ സച്ചിന്‍ എക്‌സില്‍ കുറിച്ചു.
A destructive opening partnership would be an understatement tonight. Had these boys batted first, they would’ve scored 300! 🤯#SRHvLSG#IPL2024pic.twitter.com/b1Q4gwmHO2
ജയത്തോടെ 12 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ചു തോല്‍വിയും അടക്കം 14 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ഹൈദരാബാദിന് സാധിച്ചു. മെയ് 16ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് വേദി.
Content Highlight: Sachin Tendulker praises Travis head and Abhisjek sharma great performance against LSG