| Tuesday, 18th February 2020, 1:59 pm

നെല്‍സണ്‍ മണ്ടേലയുടെ ജീവിതം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്; ലോറസ് സ്‌പോര്‍ട്ടിംഗ് മൊമന്റ് പുരസ്‌കാര ചടങ്ങിലെ സച്ചിന്റെ പ്രസംഗം

സ്പോര്‍ട്സ് ഡെസ്‌ക്

എല്ലാവര്‍ക്കും നല്ലൊരു സായാഹ്നം നേരുന്നു. ലോറസ് പുരസ്‌കാരം കൈയിലേന്തി നില്‍ക്കുമ്പോള്‍ ഈ നിമിഷം എനിക്ക് സമ്മാനിച്ചതിന് നന്ദി പറയാനുള്ളത് ഈ അക്കാദമി അംഗങ്ങളോടാണ്. അതോടൊപ്പം നമ്മള്‍ നേരത്തെ കണ്ട കായികനിമിഷത്തിന് വോട്ട് നല്‍കി വിജയിപ്പിച്ച ആളുകളോടും നന്ദി പറയുന്നു. എല്ലാവരും ലോറസിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി അവര്‍ മറ്റുള്ളവരെ ജീവിതത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തിയെന്നതിനെക്കുറിച്ചും സ്‌പോര്‍ട്‌സ്, ലിംഗസമത്വം, വിദ്യാഭ്യാസം എന്നിവയില്‍ വഹിച്ച പങ്കിനെക്കുറിച്ചും മഹത്തരം എന്നേ വിശേഷിപ്പിക്കാനുള്ളൂ. ഇത് ഇനിയും തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ലോകകപ്പ് നേടിയെന്ന തോന്നല്‍ വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയുന്നതല്ല. രാജ്യം മുഴുവന്‍ ഒരു നേട്ടം ആഘോഷിക്കുന്നത് വളരെ അപൂര്‍വമാണ്. സ്‌പോര്‍ട്‌സ് എത്രത്തോളം ശക്തമാണ് എന്നാണ് അത് ഓര്‍മ്മിപ്പിക്കുന്നത്.

എന്റെ യാത്ര തുടങ്ങുന്നത് 1983 ലാണ്. അന്ന് ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ എനിക്ക് പ്രായം 10 വയസായിരുന്നു. ആ നേട്ടത്തിന്റെ മൂല്യമെന്താണെന്ന് എനിക്കറിയില്ലായിരുന്നു. എല്ലാവരും ആഘോഷിക്കുന്നു. ഞാനും ആഘോഷിച്ചു. പിന്നീട് എനിക്ക് മനസിലായി ഞങ്ങളുടെ രാജ്യത്തിന് എന്തോ പ്രത്യേകമായി സംഭവിച്ചിട്ടുണ്ടെന്ന്.

അത് എനിക്കും ഒരിക്കല്‍ അനുഭവിക്കണമായിരുന്നു. അങ്ങനെയാണ് എന്റെ യാത്ര തുടങ്ങുന്നത്. ആ ട്രോഫി എന്റെ കൈയിലെത്തുമ്പോള്‍ ദേശീയ പതാകയും എന്റെ കൈയിലുണ്ടായിരുന്നു. ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു അത്. അതിന് മുന്‍പുള്ള ഒരുനിമിഷവും ഞാന്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. എന്റെ രാജ്യത്തിനൊപ്പമാണ് ഞാന്‍ ആ ട്രോഫി ഏറ്റുവാങ്ങിയത്. അതാണ് എനിക്ക് കൂടുതല്‍ സംതൃപ്തി തന്നത്.

ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു എന്നത് എനിക്ക് സ്വപ്‌നസാക്ഷാത്കാരമായിരുന്നു. എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ഈ ട്രോഫിയുമായി ഇവിടെ നില്‍ക്കാന്‍ കഴിഞ്ഞതും എനിക്ക് ലഭിച്ച ആദരമായി കരുതുന്നു.

ദക്ഷിണാഫ്രിക്കയുടെ മഹാനായ നായകന്‍ നെല്‍സണ്‍ മണ്ടേലയെ സന്ദര്‍ശിക്കാന്‍ എനിക്ക് 19-ാം വയസില്‍ ഭാഗ്യമുണ്ടായിരുന്നു. അദ്ദേഹം നേരിട്ട പ്രയാസങ്ങളൊന്നും അദ്ദേഹത്തിന്റെ നേതൃപാടവത്തെ ബാധിച്ചിരുന്നില്ല. സ്‌പോര്‍ട്‌സ് എല്ലാവരേയും ഒന്നിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് മറ്റെല്ലാ സന്ദേശങ്ങളേക്കാളും മികച്ചതായി എനിക്ക് തോന്നുന്നത്. ഒരുപാട് കായികതാരങ്ങള്‍ക്കൊപ്പം ഈ മുറിയില്‍ ഇന്ന് നില്‍ക്കാനാവുന്നത് സന്തോഷമാണ്. അവരില്‍ ചിലര്‍ക്ക് എപ്പോഴും മികച്ച സമയമായിരുന്നില്ലെങ്കിലും ചിലപ്പോഴെല്ലാം മികച്ചതാക്കി. യുവാക്കളെ സ്‌പോര്‍ട്‌സ് തെരഞ്ഞെടുക്കാന്‍ പ്രചോദിപ്പിച്ചതിന് അവരോട് ഞാന്‍ നന്ദി പറയുകയാണ്.

അവര്‍ക്ക് ഇഷ്ടമുള്ള ഒരു കായിക മത്സരം തിരഞ്ഞെടുക്കാനും അവരുടെ സ്വപ്നങ്ങളെ പിന്തുടരാനും യുവാക്കളെ പ്രചോദിപ്പിച്ചതിന് ഞാന്‍ അവര്‍ക്ക് നന്ദി പറയുന്നു. ഈ ട്രോഫി നമുക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്.

സ്പോര്‍ട്സ് ഡെസ്‌ക്