മുംബൈ: അംബേദ്കര്‍ ജയന്തി ആശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. രാഷ്ട്രനിര്‍മാണത്തില്‍ സംഭാവന ചെയ്തയാള്‍ മാത്രമല്ല ആദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ട് തലമുറകളെ പ്രചോദിപ്പിച്ച മനുഷ്യനാണ് അംബേദ്കറെന്ന് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ സച്ചിന്‍ പറഞ്ഞു.
‘രാഷ്ട്രനിര്‍മാണത്തില്‍ സംഭാവന ചെയ്യുക മാത്രമല്ല, അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ട് നിരവധി തലമുറകളെ പ്രചോദിപ്പിച്ച് ദീര്‍ഘവീക്ഷണമുള്ള മനുഷ്യനെ ഇന്ത്യയ്ക്ക് ലഭിച്ചത് ഭാഗ്യമാണ്. ഡോ. ബാബാസാഹെബ് അംബേദ്കറുടെ ജന്മദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍,’ സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം, അടിച്ചമര്‍ത്തപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ക്ഷേമത്തിനായുള്ള ബാബാസാഹെബിന്റെ ചിന്തകള്‍ നമ്മുടെ സര്‍ക്കാരിന് പ്രചോദനമാണെന്ന് അംബേദ്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അംബേദ്കറിന്റെ രാഷ്ട്രീയ ജീവിതം ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ഇന്നും ഊര്‍ജം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ തീര്‍ത്തിരിക്കുന്ന നമ്മുടെ മഹത്തായ ഭരണഘടനയുടെ മുഖ്യശില്പിയെന്ന നിലയ്ക്കും അംബേദ്കറുടെ സംഭാവനകള്‍ സുപ്രധാനമാണെന്നും അംബേദ്കര്‍ ജയന്തിയില്‍ പങ്കുവച്ച കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിന്റെ സ്മരണകള്‍ തുടിക്കുന്ന ദിനമാണിത്. വര്‍ഗീയ ഫാസിസ്റ്റ് രാഷ്ട്രീയവും നവലിബറല്‍ മുതലാളിത്ത നയങ്ങളും ഭരണഘടനാ മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഈ കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു – മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഭരണഘടനയെ നിര്‍വീര്യമാക്കേണ്ടത് രാജ്യത്തെ വര്‍ഗ്ഗീയ ശക്തികളുടെ ആവശ്യമാണ്. അതിനെ ചെറുക്കേണ്ടതാകട്ടെ ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരുടേയും കടമയും.
ആ ചെറുത്തു നില്പിനു കൂടുതല്‍ കരുത്തും ദിശാബോധവും പകരാന്‍ അംബേദ്കറിന്റെ ഉജ്ജ്വലമായ പോരാട്ടങ്ങള്‍ നമുക്ക് പ്രചോദനമാകണം. ജാതി ചൂഷണങ്ങളും അസമത്വങ്ങളും ഇല്ലാത്ത ഒരു ലോകത്തിനായി മനുഷ്യര്‍ പോരാടുന്ന കാലത്തോളം അദ്ദേഹം വിസ്മൃതിയിലാണ്ടു പോകാന്‍ നാം അനുവദിക്കരുത്. ഏവര്‍ക്കും ഹൃദയപൂര്‍വം അംബേദ്കര്‍ ജയന്തി ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.