മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി) കൊണ്ടുവന്ന ക്രിക്കറ്റിലെ പുതിയ നിയമങ്ങളെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍കര്‍. ക്രിക്കറ്റിലെ മന്‍കാദിംഗിനെ റണ്‍ ഔട്ടിന്റെ ഗണത്തിലേക്ക് പരിഗണിച്ചതടക്കമുള്ള പുതിയ നിയഭേദഗതികളെയാണ് സച്ചിന്‍ പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്.
അതേസമയം, മന്‍കാദിംഗ് എന്ന പുറത്താക്കല്‍ രീതിയെ ആ പേര് ഉപയോഗിച്ച് വിളിക്കുന്നത് തന്നെ എപ്പോഴും അസ്വസ്ഥനാക്കിയിരുന്നുവെന്നും താരം പറയുന്നു.
ക്രിക്കറ്റില്‍ മന്‍കാദിംഗ് എന്ന റണ്‍ ഔട്ട് രീതി ആദ്യമായി കൊണ്ടുവന്നത് വിനു മന്‍കാദ് എന്ന ഇന്ത്യന്‍ ഇതിഹാസ താരമാണ്. ബൗളര്‍ ബൗള്‍ ചെയ്യുന്നതിന് മുമ്പ് ബൗളിംഗ് എന്‍ഡിലെ ബാറ്റര്‍ ക്രീസ് വിട്ട് പുറത്തിറങ്ങുകയാണെങ്കില്‍ ഡെലിവറി ചെയ്യുന്നതിന് മുമ്പ് ബൗളര്‍ നോണ്‍ സ്‌ട്രൈക്കറെ ഒട്ടാക്കുന്ന രീതിയെ ആയിരുന്നു മന്‍കാദിംഗ് എന്ന് വിളിച്ചിരുന്നത്.
എന്നാല്‍, ഈ രീതിയെ ഒട്ടും മാന്യമല്ലാത്ത രീതിയായാണ് ക്രിക്കറ്റ് ലോകം ഇക്കാലമത്രയും കണക്കാക്കിയിരുന്നത്.
ബൗളര്‍ നോണ്‍ സ്‌ട്രൈക്കറെ മന്‍കാഗിംഗ് വഴി പുറത്താക്കിയാല്‍ അംപയര്‍ ബൗളിംഗ് ടീം ക്യാപ്റ്റനോട് വിക്കറ്റുമായി മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും എതിര്‍ ടീം അപ്പീലില്‍ ഉറച്ചു നില്‍ക്കുകയാണെങ്കിലും മാത്രമേ വിക്കറ്റ് നല്‍കിയിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ ‘അണ്‍ഫെയര്‍’ എന്ന ലിസ്റ്റില്‍ നിന്നും എം.സി.സി എടുത്ത് കളയുകയും റണ്‍ ഔട്ടിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുള്ളത്.
ക്രിക്കറ്റില്‍ മന്‍കാദിംഗ് ചെയ്തതിന് ഏറെ പഴി കേട്ട താരമാണ് ആര്‍. അശ്വിന്‍. ഐ.പി.എല്ലിലായിരുന്നു അശ്വിന് ദുഷ്‌പേര് കേള്‍ക്കേണ്ടി വന്നത്. ഐ.പി.എല്ലില്‍ മാത്രമല്ല, ഏകദിനത്തിലും അശ്വിന്‍ ഈ ആയുധം നോണ്‍ സ്‌ട്രൈക്കര്‍ക്കു നേരെ പ്രയോഗിച്ചിരുന്നു. ഇതിന് പുറമെ കപില്‍ ദേവിന്റെ അഗ്രസ്സീവ് മന്‍കാദിംഗും ഏറെ പ്രശസ്തി നേടിയിരുന്നു.
മന്‍കാദിംഗിന് പുറമെ മറ്റു പല നിയമഭേദഗതികളും എം.സി.സി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
പന്തിനു തിളക്കം കൂട്ടാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് പൂര്‍ണമായി നിരോധിക്കാനുള്ള ആശയവും എം.സി.സി മുന്നോട്ടുവെച്ചിട്ടുണ്ട്. കൂടുതല്‍ ഉമിനീര്‍ ഉണ്ടാവാന്‍ ച്യൂയിംഗ് ഗം പോലുള്ളവ കഴിക്കുന്നതും വിലക്കും.
പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് പന്തില്‍ കൃത്രിമം കാണിക്കുന്ന രീതിയിലാവും പരിഗണിക്കുന്നത്. എന്നാല്‍ വിയര്‍പ്പ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും എം.സി.സി വ്യക്തമാക്കുന്നു.
ഫീല്‍ഡര്‍ ക്യാച്ച് ചെയ്ത് ഒരു താരം ഔട്ടായാല്‍ തുടര്‍ന്ന് പുതുതായി ക്രീസിലെത്തുന്ന താരം സ്ട്രൈക്കര്‍ എന്‍ഡില്‍ ബാറ്റ് ചെയ്യണം. നോണ്‍ സ്ട്രൈക്കറും ഔട്ടായ ആയ ബാറ്ററും ക്രോസ് ചെയ്താലും ചെയ്തില്ലെങ്കിലും ഇത് ബാധകമാണ്. ഓവറിലെ അവസാന പന്തില്‍ ആണ് വിക്കറ്റെങ്കില്‍ പുതിയ താരം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കേണ്ടി വരും.
ബൗളര്‍ റണ്ണപ്പ് തുടങ്ങുമ്പോള്‍ സ്ട്രൈക്കര്‍ എവിടെ നില്‍ക്കുന്നോ അതനുസരിച്ചാവും വൈഡ് വിളിയ്ക്കുക. പന്ത് പിച്ചിനു പുറത്ത് എവിടെപ്പോയാലും പിച്ചിനുള്ളില്‍ സ്ട്രൈക്കര്‍ക്ക് പന്ത് കളിക്കാം. സ്ട്രൈക്കറുടെ ശരീരത്തിന്റെയോ ബാറ്റിന്റെയോ കുറച്ച് ഭാഗമെങ്കിലും പിച്ചിനുള്ളില്‍ ഉണ്ടാവണം. അതിനു സാധിക്കാത്ത പന്തുകള്‍ ഡെഡ് ബോള്‍ ആണ്.
പിച്ച് വിടാന്‍ സ്ട്രൈക്കറെ നിര്‍ബന്ധിക്കുന്ന പന്തുകള്‍ നോ ബോളാണ്. ഫീല്‍ഡര്‍മാര്‍ അനാവശ്യമായി സ്ഥാനം മാറിയാല്‍ അത് ഡെഡ്ബോള്‍ ആയാണ് കണക്കാക്കിയിരുന്നത്. കൂടാതെ ഇനി മുതല്‍ ഫീല്‍ഡര്‍മാര്‍ അനാവശ്യമായി സ്ഥാനം മാറിയാല്‍ ബാറ്റിംഗ് ടീമിന് 5 പെനല്‍റ്റി റണ്‍സുകള്‍ നല്‍കും തുടങ്ങിയവയാണ് പുതിയ ഭേദഗതികള്‍.
Content Highlight: Sachin Tendulkar welcomes MCC’s decision of removing run-out at non-striker’s end from unfair play