| Tuesday, 18th October 2022, 8:42 pm

പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നങ്ങ് പറഞ്ഞാല്‍ പോരേ, ഇങ്ങനെ ഒളിച്ചുകളിക്കണോ സച്ചിന്‍ ഭായ്? സച്ചിന്റെ പ്രതികരണത്തിന് പിന്നാലെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് ആരാധകര്‍ ദിവസങ്ങളെണ്ണിയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ കരുത്തുറ്റ ഇലവനെ തന്നെ കളത്തിലിറക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെയും ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജയുടെയും അഭാവം മറികടന്ന് ലോകകപ്പില്‍ തിളങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

പാകിസ്ഥാനെതിരായ മത്സരത്തിനുള്ള പ്ലെയിങ് ഇലവന്‍ തീരുമാനിച്ചുകഴിഞ്ഞെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരൊക്കെയാണ് ഇലവനില്‍ ഉള്‍പ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.

പാകിസ്ഥാനെതിരായ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ദ്രാവിഡിനും മുമ്പില്‍ വെച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

ഇന്ത്യന്‍ താരങ്ങളുടെ സമീപകാല പ്രകടനങ്ങള്‍ കണക്കിലെടുത്ത് കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ബാറ്റര്‍മാരായി ഇന്ത്യക്കൊപ്പം ഉണ്ടാകുമെന്ന് ഏതാണ്ട് നൂറ് ശതമാനവും ഉറപ്പാണ്. ഇവര്‍ക്കൊപ്പം റിഷബ് പന്തിനെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് സച്ചിന്‍ പറയുന്നത്.

എന്നാല്‍ പേരെടുത്ത് പറയാതെയാണ് സച്ചിന്‍ റിഷബ് പന്തിന് വേണ്ടി വാദിക്കുന്നതെന്ന കാര്യവും രസകരമാണ്. ഇടം കയ്യന്‍ ബാറ്റര്‍ ടീമിനൊപ്പം എന്തുതന്നെയായാലും വേണമെന്നാണ് സച്ചിന്‍ പറയുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം കയ്യന്‍ ബാറ്ററായി റിഷബ് പന്ത് മാത്രമാണുള്ളത്.

ബൗളര്‍മാരെ കുഴപ്പത്തിലാക്കാന്‍ ഇടം കയ്യന്‍ ബാറ്റര്‍മാര്‍ ടീമിനൊപ്പം വേണമെന്നും, ബൗളര്‍മാര്‍ക്ക് ഇത് പണിയാകുമെന്നുമാണ് സച്ചിന്‍ പറയുന്നത്.

പി.ടി.ഐയോടാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഇടം കയ്യന്‍ ബാറ്റര്‍മാര്‍ ഏറെ വിലപ്പെട്ടതാണ്. ലൈനും ലെങ്തും അഡ്ജസ്റ്റ് ചെയ്യാന്‍ അവര്‍ ബൗളര്‍മാരെ എപ്പോഴും നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും. ഇത് ബൗളര്‍മാര്‍ ഒരിക്കലും ആസ്വദിക്കുന്ന ഒന്നല്ല. അതുകൊണ്ട് ടീമില്‍ ഇടം കയ്യന്‍ ബാറ്റര്‍ ആവശ്യമാണ്,’ സച്ചിന്‍ പറയുന്നു.

ഒക്ടോബര്‍ 23നാണ് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം, മെല്‍ബണില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഇരു ടീമും തങ്ങളുടെ ആദ്യ പോരാട്ടത്തിനാണിറങ്ങുന്നത്.

ഇന്ത്യ ലോകകപ്പ് സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

സ്റ്റാന്‍ഡ്ബൈ കളിക്കാര്‍:

മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ഷാര്‍ദുല്‍ താക്കൂര്‍.

Content highlight: Sachin Tendulkar wants to include Rishabh Pant in the XI

Latest Stories

We use cookies to give you the best possible experience. Learn more