വിടപറയല്‍ മത്സരത്തിലെ വാങ്കഡേ മികച്ചതായിരിക്കണം, അമ്മക്ക് വേണ്ടി : സച്ചിന്‍
DSport
വിടപറയല്‍ മത്സരത്തിലെ വാങ്കഡേ മികച്ചതായിരിക്കണം, അമ്മക്ക് വേണ്ടി : സച്ചിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2013, 5:53 pm

[] മുംബൈ: തന്റെ വിടപറയല്‍ മത്സരത്തിന് സാക്ഷിയാവാനെത്തുന്ന അമ്മ രഞ്ജിക്ക് വേണ്ടി സ്റ്റേജ് മികച്ചതാക്കണമെന്ന്   ഹരിയാനയിലെ രഞ്ജി ട്രോഫി മാച്ചിനു ശേഷം മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്യോഗസ്ഥരോട്   സച്ചിന്റെ അഭ്യര്‍ത്ഥന.

സച്ചിന്റെ ജീവിതത്തില്‍ ഇതുവരെയുണ്ടായതില്‍ വച്ചേറ്റവും തിരക്ക് പിടിച്ച ആഴ്ച്ചയാകും ഇത്.  24 വര്‍ഷത്തെ മകന്റെ ക്രിക്കറ്റ് ജീവിതത്തിലെ  ഒരു അന്താരാഷ്ട്ര കളി പോലും ഈ അമ്മ കണ്ടിട്ടില്ല.

പ്രൊഫസര്‍ രമേഷ് പണ്ഡിറ്റിനെ വിവാഹം കഴിക്കുന്നത് വരെ ക്രിക്കറ്റിനെക്കുറിച്ച് യാതൊന്നും മഹാരാഷ്ട്രയിലെ പരമ്പരാഗത കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വന്ന രഞ്ജി എന്ന സ്ത്രീക്ക് അറിയില്ലായിരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത.

2011 ജനുവരി 26 ന് 1999ല്‍ തനിക്ക്  അഛന്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച സച്ചിന്‍ വികാരഭരിതനായി പറഞ്ഞിരുന്നു. അതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമെന്നും വീണ്ടും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് അമ്മയുടെ പൂര്‍ണ്ണപിന്തുണ കൊണ്ട് മാത്രമാണെന്നും അന്ന് സച്ചിന്‍ പറയുകയുണ്ടായി.

ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കവേയാണ് സച്ചിന് അഛനെ നഷ്ടപ്പെട്ടത്.

”  എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ നാളുകളായിരുന്നു അത്. ഞാന്‍ കളി തുടരുന്നത് കാണാനാണ് അച്ഛന്‍ ആഗ്രഹിക്കുക എന്ന് പറഞ്ഞ് അമ്മയാണ് എന്നെ വീണ്ടും ക്രിക്കറ്റിലേക്ക് പിടിച്ച് കൊണ്ട് വന്നത്. അമ്മയുടെ കൈത്താങ്ങ് പറഞ്ഞറിയിക്കാനാവില്ല, മരണത്തിന് 3 ദിവസത്തിന് ശേഷം കളിക്കാന്‍ പോകുക എന്നത് എനിക്കും ആ ഘട്ടത്തെ തരണം ചെയ്യുക എന്നത് ഞങ്ങളുടെ മുഴുവന്‍ കുടുംബത്തിനും അത്ര എളുപ്പമല്ലായിരുന്നു.”” – സച്ചിന്‍ പറഞ്ഞു.

വ്യക്തിഗതമായി ഇത്തരത്തിലൊരു വിഷമഘട്ടമായിരുന്നിട്ട് കൂടി ആ കളിയില്‍ കെനിയക്കെതിരെ സെഞ്ചുറി അടിക്കുകയും ചെയ്തു ക്രിക്കറ്റിലെ ഈ ആള്‍ദൈവം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആക്കിയതിന് എല്ലാവര്‍ക്കും നന്ദിയും സച്ചിന്‍ പറഞ്ഞു.

നവംബര്‍ 14 നും 18 നും ഇടക്കായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വച്ചാണ് സച്ചിന്റെ അവസാന മത്സരം. കരീബിയന്‍ പേസര്‍മാരെ നേരിടുക എന്നതിനേക്കാള്‍ വില്‍ചെയറില്‍ വരുന്ന അമ്മക് കളി നടക്കുന്ന അഞ്ച് ദിവസവും യാതൊരു ബുദ്ധിമുട്ടും കൂടാതെ  പ്രസിഡണ്ടിന്റെ ബോക്‌സിലേക്കെത്താന്‍ കഴിയണമെന്നതിലാണ് സച്ചിന്റെ ഉത്കണ്ഠ.

വീല്‍ചെയറില്‍ വരുന്ന അമ്മക്ക് ലിഫ്ടിലേക്ക് തടസം കൂടാതെ എത്താന്‍ കഴിയുമെന്നും സച്ചിന്റെ കടുംബത്തിലെല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഉറപ്പ് നല്‍കി.

വിടപറയല്‍ സമ്മാനമായി സച്ചിന്‍ പെയിന്റിങ്ങ് ആണ് എം. സി. എ യോട്  ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രങ്ങളെ സ്‌നേഹിക്കുന്ന സച്ചിന് എത്തരം ചിത്രങ്ങളോടാണ് പ്രിയ്യമെന്ന് അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച് മനസിലാക്കാന്‍ എം.സി.എ ഒരു ചിത്രകാരനെയും നിയോഗിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ലോകത്തെ ഇതിഹായനായകന്റെ വിടപറയല്‍ ദിനത്തിന് സമ്മാനിക്കാനായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് സനാതന്‍ ദിന്‍ഡ ഒരു പെയിന്റിങ്ങ് ഒരുക്കി വച്ചിട്ടുണ്ടെന്നാണാണ് വാര്‍ത്തകള്‍ പറയുന്നത്.