'വീണ്ടും സച്ചിന്‍'; നിലവാരമില്ലാത്ത ഹെല്‍മറ്റ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; ഗതാഗത മന്ത്രിയോട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍
national news
'വീണ്ടും സച്ചിന്‍'; നിലവാരമില്ലാത്ത ഹെല്‍മറ്റ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; ഗതാഗത മന്ത്രിയോട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th March 2018, 7:10 pm

ന്യൂദല്‍ഹി: നിലവാരമില്ലാത്ത ഹെല്‍മറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാംഗവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് എഴുതിയ കത്തിലൂടെയാണ് ടൂവിലര്‍ യാത്രികരുടെ സുരക്ഷക്കായി സച്ചിന്‍ വീണ്ടും രംഗത്തെത്തിയത്.

റോഡപകടങ്ങളില്‍ ടൂ വിലര്‍ ഡ്രൈവര്‍മാര്‍ക്ക് അപകടം എല്‍ക്കുന്നത് വര്‍ധിക്കുകയാണെന്നും സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയില്ലായ്മയാണ് അപകടത്തില്‍ പരിക്കേല്‍ക്കാനുള്ള കാരണവുമെന്നാണ് സച്ചിന്‍ കത്തില്‍ പറയുന്നത്.

“നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയും അതിന്റെ മുകളില്‍ തെറ്റായ ഐ.എസ്.ഐ മാര്‍ക്ക് പതിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ശരിയായ ഗുണമേന്മയുള്ള ഹെല്‍മറ്റ് ധരിക്കുന്നതിന്റെ ആവശ്യകത പുറത്തിറങ്ങുമ്പേഴേ അറിയു” സച്ചിന്‍ കത്തില്‍ പറയുന്നു.

റോഡ് സുരക്ഷാ ക്യാംപെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുള്ള സച്ചിന്‍ ഇതിനു മുന്നേയും ഹെല്‍മറ്റിന്റെ ആവശ്യകതയെക്കുറിച്ച വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നേരത്തെ കേരളത്തിലെത്തിയപ്പോള്‍ ടൂവിലറില്‍ വന്ന തന്റെ ആരാധകരോട് ഹെല്‍മറ്റ് ധരിക്കാന്‍ പറയുന്ന സച്ചിന്റെ വീഡിയോ വൈറലായിരുന്നു.

“പൊതു സുരക്ഷയ്ക്ക് ഗതാഗത മന്ത്രാലയം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് തനിക്കറിയാമെന്നും അതുപോലെ തന്നെ നിലവാരമില്ലാത്ത ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം” സച്ചിന്‍ കത്തില്‍ പറയുന്നു.