ഓവല്‍: അമ്പതോവര്‍ ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് കൈപിടിച്ച് 12-ാമത് ഐ.സി.സി ഏകദിന ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ട് കെന്നിംഗ്ടണ്‍ ഓവലില്‍ തുടക്കമാകുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കൊരു സര്‍പ്രൈസ് കൂടിയുണ്ട്. ഇത്തവണ കമന്ററി ബോക്‌സില്‍ കളിക്കളം അടക്കി വാണ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൂടി ഉണ്ടാകും എന്നതാണത്.
ഓവലില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ കമന്ററി ബോക്‌സിലാണ് സച്ചിന്‍ അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഉച്ചയ്ക്ക് 1.30 മുതലുള്ള പ്രീഷോയിലാണ് കളി വിലയിരുത്താന്‍ ക്രിക്കറ്റ് വിദഗ്ധനായി സച്ചിനെത്തുക. ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടക്കുന്ന പരിപാടിയില്‍ ‘സച്ചിന്‍ ഓപ്പണ്‍സ് എഗെയിന്‍’ എന്നാണ് സച്ചിന്റെ സെഷന്റെ പേര്. മുന്‍ താരങ്ങളും സച്ചിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും.
ഇന്ത്യ-ബംഗ്ലാദേശ് ലോകകപ്പ് സന്നാഹമത്സരത്തില്‍ കമന്ററി ബോക്സില്‍ ഇന്ത്യയുടെ മുന്‍ പരിശീലകന്‍ ജോണ്‍ റൈറ്റും മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഒരുമിച്ചെത്തിയത് കൗതുകമുണര്‍ത്തിയിരുന്നു.
ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. ഇത് വരെ ഏകദിന ലോകകപ്പ് കിരീടം നേടാന്‍ കഴിയാത്ത രണ്ട് ടീമുകളാണ് ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
ഇന്ത്യന്‍ സമയം വൈകിട്ട് 3 മുതലാണ് മത്സരം.ഐ.സി.സി ഏകദിന റാങ്കിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പ് റൗണ്ട് റോബിന്‍ലീഗ് ഫോര്‍മാറ്റിലാണ് അരങ്ങേറുന്നത്. പ്രാഥമിക റൗണ്ടില്‍ ഓരോടീമും പരസ്പരം ഒരുതവണ ഏറ്റുമുട്ടും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ സെമി ഫൈനലില്‍ എത്തും.