| Friday, 9th August 2024, 9:58 pm

അര്‍ഹമായ വെള്ളി മെഡല്‍ അപഹരിക്കുന്നത് കായിക യുക്തിബോധമല്ല; വിനേഷ് ഫോഗട്ടിന് പിന്തുണയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 പാരീസ് ഒളിമ്പിക്‌സ് വനിതാ വിഭാഗം ഗുസ്തി ഫൈനലിന്റെ ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെ വിനേഷ് ഫോഗാട്ടിനെ അയോഗ്യയാക്കിയിരുന്നു. ഒളിമ്പിക്സില്‍ ഗുസ്തി വിഭാഗത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. ഇതോടെ നിരവധി കായിക താരങ്ങളും സെലിബ്രറ്റികളും താരത്തിന് പിന്തുണ നല്‍കി രംഗത്ത് വന്നിരുന്നു. എന്നാല്‍ വിനേഷ് തന്റെ ഗുസ്തി കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതും രാജ്യത്തെ ഏറെ സങ്കടത്തിലാക്കിയിരുന്നു.

ഇപ്പോള്‍ താരത്തിന് പിന്തുണ നല്‍കിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിനേഷ് വെള്ളിമെഡലിന് അര്‍ഹയാണെന്ന് ചൂണ്ടിക്കാട്ടി തന്റെ എക്‌സ് അക്കൗണ്ടില്‍ ഒരു കുറിപ്പ് പങ്കുവെച്ചാണ് സച്ചിന്‍ താരത്തിന് പിന്തുണ നല്‍കിയത്.

വിനേഷിന് വെള്ളി മെഡലിന് യോഗ്യതയുണ്ടെന്ന് കാണിച്ച് രാജ്യം ഒളിമ്പിക്‌സ് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കിയിരിക്കുകയാണ്. രണ്ട് ദിവസത്തിനകം ഒളിമ്പിക്‌സ് കോടതി ഈ അപ്പീലില്‍ വിധി പറയാനിരിക്കുകയാണ്. ഈ പശ്ചാതലത്തിലാണ് ലോകമറിയപ്പെടുന്ന ക്രിക്കറ്റ് താരം സച്ചിന്‍ വിനേഷിന് വേണ്ടി സംസാരിച്ച് രംഗത്ത് വന്നിരിക്കുന്നത്.

‘എല്ലാ കായികവിനോദങ്ങള്‍ക്കും നിയമങ്ങളുണ്ട്, ആ നിയമങ്ങള്‍ സന്ദര്‍ഭത്തിനനുസരിച്ചായിരിക്കണം, ചിലപ്പോള്‍ അത് പുനഃപരിശോധിക്കേണ്ടിവരും. ഫെയര്‍ ആന്‍ഡ് സ്‌ക്വയറിലാണ് വിനേഷ് ഫോഗട്ട് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ഫൈനലിന് മുമ്പായിരുന്നു അവളെ ഡിസ്‌ക്വാളിഫൈ ചെയ്തത്. അതിനാല്‍, അര്‍ഹമായ വെള്ളി മെഡല്‍ അപഹരിക്കുന്നത് കായിക യുക്തിബോധമല്ല.

പ്രകടനം വര്‍ദ്ധിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം പോലുള്ള ധാര്‍മിക ലംഘനങ്ങള്‍ക്ക് ഒരു കായികതാരത്തെ അയോഗ്യനാക്കുകയാണെങ്കില്‍ അത് മനസിലാക്കാവുന്നതേയുള്ളൂ. അങ്ങനെയെങ്കില്‍, ഒരു മെഡല്‍ പോലും നല്‍കാതെ അവസാന സ്ഥാനത്തെത്തുന്നത് ന്യായീകരിക്കാനാവില്ല. എന്നിരുന്നാലും, വിനേഷ് എതിരാളികളെ സമര്‍ത്ഥമായി പരാജയപ്പെടുത്തി ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. അവള്‍ തീര്‍ച്ചയായും ഒരു വെള്ളി മെഡലിന് അര്‍ഹയാണ്.

കായിക വ്യവഹാരത്തിനുള്ള കോടതിയുടെ വിധിക്കായി നാമെല്ലാവരും കാത്തിരിക്കുമ്പോള്‍, വിനേഷിന് അര്‍ഹമായ അംഗീകാരം ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം,’ സച്ചിന്‍ എക്‌സില്‍ കുറിച്ചു.

Content Highlight: Sachin Tendulkar Talking About Vinesh Phogat

We use cookies to give you the best possible experience. Learn more