Sports News
മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പ്രസക്തി അവസാനിക്കുന്നു? വോട്ട് പോലും ചെയ്യിക്കണമോ എന്ന കാര്യത്തിലും ചര്‍ച്ച
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 27, 03:12 am
Wednesday, 27th July 2022, 8:42 am

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത ജനറല്‍ ബോഡിയില്‍ സുപ്രധാന തീരുമാനങ്ങള്‍ കെക്കൊണ്ടതായി റിപ്പോര്‍ട്ടുകള്‍. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ (എം.സി.എ)യുടെ ഭരണഘടനയില്‍ അവശ്യമായ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നത്.

സംസ്ഥാന അസോസിയേഷനിലുള്ള മുന്‍ അന്താരാഷ്ട്ര താരങ്ങളുടെ വോട്ടിങ് അധികാരം റദ്ദാക്കണമെന്നതായിരുന്നു യോഗത്തില്‍ ഉയര്‍ന്നുവന്ന ഏറ്റവും പ്രധാനമായ ചര്‍ച്ചകളിലൊന്ന്.

ഇതുകൂടാതെ 70 വയസിന് മുകളില്‍ പ്രായമുള്ള അംഗങ്ങള്‍ക്ക് പദവി നല്‍കുന്നതിനെ സംബന്ധിച്ചും സെക്രട്ടറിയുടെ അധികാരം പരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടായി.

ലോധ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ അനുസരിച്ചാണ് മുന്‍ അന്താരാഷ്ട്ര താരങ്ങള്‍ക്ക് സംസ്ഥാന കൗണ്‍സില്‍ അടക്കമുള്ള ഗവേര്‍ണിങ് ബോഡികളില്‍ വോട്ട് ചെയ്യാനുള്ള അധികാരം ബി.സി.സി.ഐ നല്‍കിയിരിക്കുന്നത്. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അസോസിയേഷനില്‍ ഒരു പദവിയും നല്‍കരുതെന്നും ശിപാര്‍ശയിലുണ്ട്.

ചര്‍ച്ചയില്‍ ഇക്കാര്യം തീരുമാനമാവുകയാണെങ്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരടക്കമുള്ള താരങ്ങള്‍ക്ക് അസോസിയേഷനില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

‘രക്ഷാധികാരി, ഡോണര്‍ മെമ്പര്‍ തുടങ്ങിയ ഒരു വ്യക്തിക്കും വോട്ടവകാശമുണ്ടാകില്ല. അന്താരാഷ്ട്ര താരങ്ങള്‍ക്ക് അസോസിയേഷനില്‍ അംഗത്വം നല്‍കണമെന്ന് മാത്രമാണ് ലോധ കമ്മിറ്റിയുടെ ശിപാര്‍ശയിലുള്ളത്. അന്താരാഷ്ട്ര താരങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്നത് അസോസിയേഷന്റെ അടിത്തറയില്‍ പോലും മാറ്റം വരുത്തുന്നതിന് തുല്യമായിരിക്കും.

എന്നാല്‍ അന്താരാഷ്ട്ര താരങ്ങള്‍ക്ക് യോഗത്തിലും മറ്റും പങ്കെടുക്കുവാനും അവരുടെ നിര്‍ദേശങ്ങള്‍ സമിതിക്ക് മുന്‍പാകെ സമര്‍പ്പിക്കാനും സാധിക്കും,’ എം.സി.എയുടെ നിര്‍ദേശങ്ങളെ ഉദ്ദരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ അസോസിയേഷന് ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും തുടര്‍നടപടികളുമായി മുമ്പോട്ട് പോവുന്നതിന് മുമ്പ് സുപ്രീം കോടതിയെ സമീപിക്കാനും പേര് വെളിപ്പെടുത്താത്ത മുന്‍ ഇന്ത്യന്‍ താരം ആവശ്യപ്പെട്ടിരുന്നു.

‘അവര്‍ക്ക് ഭരണഘടനയില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല, കാരണം സുപ്രീം കോടതി ഉത്തരവനുസരിച്ച്, ഏതെങ്കിലും അസോസിയേഷന് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍, അവര്‍ ആദ്യം സുപ്രീം കോടതിയെ സമീപിക്കേണ്ടിവരും.

സുപ്രീം കോടതി അനുമതി നല്‍കിയതിന് ശേഷം മാത്രമേ അസോസിയേഷന് ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ കഴിയൂ,” ഒരു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

 

Content highlight:  Sachin Tendulkar, Sunil Gavaskar Could Lose Voting Rights In Mumbai Cricket Association – Report